News & Views

ഇന്ത്യയിലെ അഞ്ച് ശതകോടീശ്വരികള്‍ ഇവരാണ്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാരാണ്? ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം മറ്റാരുമല്ല, ജില്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്ന 70 കാരിയായ സാക്ഷാല്‍ സാവിത്രി ജിന്‍ഡാല്‍ തന്നെ ഒന്നാമത്. 7.1 ബില്യണ്‍ ഡോളറാണ് അവരുടെ സമ്പാദ്യം.

ഇന്ത്യയിലെ 118 ശതകോടീ  ശ്വരന്മാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയാറാക്കിയത്. ആഗോള തലത്തില്‍ അഞ്ചാമതും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുമുള്ള മുകേഷ് അംബാനി തന്നെയാണ് പട്ടികയിലെ ഒന്നാമന്‍. പട്ടികയില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്.

അഞ്ചു സ്ത്രീകള്‍ക്ക് മാത്രമാണ് പട്ടികയിലിടം നേടാനായത്. അവര്‍ക്ക് എല്ലാവര്‍ക്കും കൂടിയുള്ളതാകട്ടെ 18 ബില്യണ്‍ ഡോളര്‍ സമ്പാദ്യവും. പട്ടികയില്‍ 12 ാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ ഏറ്റവും സമ്പന്ന. സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്‍ഡാല്‍ ഗ്രൂപ്പിന്റെ സാരഥിയാണ് സാവിത്രി ജിന്‍ഡാല്‍. അവരുടെ ഭര്‍ത്താവ് ഓം പ്രകാശ് ജില്‍ഡാല്‍ സ്ഥാപിച്ചതാണ് ജില്‍ഡാല്‍ ഗ്രൂപ്പ്.

ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായാണ്. 67 കാരിയായ ഇവരുടെ സമ്പാദ്യം 4.4 ബില്യണ്‍ ഡോളറാണ്. സ്വന്തം നിലയില്‍ ഉയര്‍ന്നു വന്ന വനിതയെന്ന പ്രത്യേകത ഇവരെ വേറിട്ടു നിര്‍ത്തുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുഎസ് വിയുടെ സാരഥി ലീന തെവാരിയാണ് മൂന്നാമത്. 63 കാരിയായ ഇവരുടെ സമ്പാദ്യം 3 ബില്യണ്‍ ഡോളറാണ്.

70 വയസ്സുള്ള സ്മിത കൃഷ്ണ ഗോദ്‌റെജാണ് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ നാലാമത്തെ വനിത. ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് ഓഹരി കൈവശമുള്ള സ്മിതയ്ക്ക് 2.3 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ടെന്ന് ഫോര്‍ബ്‌സ് പറയുന്നു. കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയിലെ രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഗോദ്‌റെജ്.

സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പിന്റെ സാരഥ്യത്തിലുള്ള രാധ വെംബുവാണ് അഞ്ചാം സ്ഥാനത്ത്. 1.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട് ഈ 48 കാരിക്ക്. അവരുടെ മൂത്ത സഹോദരനുമായി ചേര്‍ന്ന് 1996 ല്‍ സ്ഥാപിച്ചതാണ് സോഹോ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT