ഒക്ടോബറോടെ ജി.എസ്.ടിയില്‍ വലിയ ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നല്കിയിരുന്നു. ദീപാവലി സമ്മാനമെന്ന നിലയില്‍ നാല് സ്ലാബുകളില്‍ നിന്ന് ജി.എസ്.ടി രണ്ട് സ്ലാബാക്കി മാറ്റാനാണ് പദ്ധതി. ജി.എസ്.ടി പുനഃക്രമീകരിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ നികുതി വര്‍ധിക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍.
നിലവില്‍ സ്വര്‍ണത്തിന്റെ ജി.എസ്.ടി മൂന്നു ശതമാനമാണ്. ജി.എസ്.ടി ഏകീകരിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ സ്ലാബ് 5 ശതമാനമാക്കിയാല്‍ സ്വര്‍ണവില കൂടും. ഇപ്പോള്‍ തന്നെ വില കൂടി നില്ക്കുന്ന സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയിലേക്ക് മാറിയാല്‍ വില്പനയിലും അത് പ്രതിഫലിക്കും.
ജി.എസ്.ടിക്കൊപ്പം സ്വര്‍ണത്തിന് 6% ഇറക്കുമതി ചുങ്കവുമുണ്ട്. ഇറക്കുമതി ചുങ്കം കുറച്ചശേഷം സ്വര്‍ണത്തിനുള്ള ജിഎസ്ടി 3%ല്‍ നിന്ന് 5% ലേക്ക് ഉയര്‍ത്തുമോയെന്ന ഭയം സ്വര്‍ണമേഖലയ്ക്കുണ്ട്. ഇറക്കുമതി ചുങ്കം കുറയ്ക്കുമ്പോള്‍ സ്വാഭാവികമായും വില കുറയുമെങ്കിലും ജി.എസ്.ടി മൂന്നില്‍ നിന്ന് അഞ്ചിലേക്ക് ഉയര്‍ത്തിയാല്‍ വില ഉയരാന്‍ ഇടയാക്കും.
സ്വര്‍ണവില ഇപ്പോള്‍ 75,000 രൂപയ്ക്ക് അടുത്താണ്. 2,300 രൂപയോളം ജി.എസ്.ടിയായി നല്കണം. മൂന്നില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്ക് ഉയര്‍ത്തിയാല്‍ ജി.എസ്.ടി മാത്രം 3,750 രൂപയോളം വരും. പണിക്കൂലി കൂടി കൂട്ടിയാല്‍ നികുതി ബാധ്യത പിന്നെയും ഉയരുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണത്തിന്റെ ജി.എസ്.ടി മൂന്നില്‍ നിന്ന് ഒരു ശതമാനമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും കത്തയച്ചിട്ടുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine