News & Views

മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ ₹126 കോടിയുടെ ദുരൂഹ ഇടപാട്; കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കണമെന്നാണ് ശുപാര്‍ശ

Dhanam News Desk

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നെന്ന സൂചന നല്കി സംസ്ഥാന കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് മുഖ്യമന്ത്രി വി.ഡി സതീശന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ കാലത്ത് നടന്ന നടപടികളെയും സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളെയും കുറിച്ച് വിശദമായ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തതായാണ് വിവരം.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഏകദേശം 126 കോടി കൈമാറിയെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ ഈ തുക കൈമാറിയതിന്റെയോ എഎഫ്എ പണം സ്വീകരിച്ചതിന്റെയോ ആധികാരിക ബാങ്ക് രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

126 കോടിയുടെ ഇടപാടില്‍ രേഖകളില്ല

മെസിയെയും അര്‍ജന്റീന ടീമിനെയും കൊണ്ടുവരുന്നതിനായി 126 കോടി എഎഫ്എയ്ക്ക് നല്‍കിയെന്ന സ്‌പോണ്‍സറുടെ അവകാശവാദമാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. എന്നാല്‍ പണം അയച്ച ബാങ്ക് രേഖകളോ വിദേശ ഏജന്‍സി വഴി നടന്ന ഇടപാടിന്റെ പൂര്‍ണ രേഖകളോ സര്‍ക്കാരിന് ലഭിച്ചിട്ടില്ല.

ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതെന്നാണ് വിവരം. വിജിലന്‍സിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

126 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ട് 22.68 കോടി സേവന നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്‌പോണ്‍സര്‍ കമ്പനിക്ക് സമന്‍സ് അയച്ചിരുന്നു. ഇതോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത വീണ്ടും സജീവമായത്.

സ്‌പോണ്‍സറെ കണ്ടെത്തിയത് ടെന്‍ഡറില്ലാതെ

പരിപാടിക്ക് സ്‌പോണ്‍സറെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ ചട്ടങ്ങളും ടെന്‍ഡര്‍ നടപടികളും പാലിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍. മെസയെ കേരളത്തിലെത്തിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ച് കളമശേരി ആസ്ഥാനമായ 'ഗോട്ട് ആന്‍ഡ് ഗ്ലോബല്‍' എന്ന സ്ഥാപനം 2023 ജൂലൈയില്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ കത്ത് നല്‍കുന്നതിന് ഏകദേശം 20 ദിവസം മുന്‍പാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും കമ്പനിയുടെ മൂലധനം ഒരു ലക്ഷം മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പിന്നീട് ഔദ്യോഗിക സ്‌പോണ്‍സറായി എത്തിയ മാധ്യമസ്ഥാപനവും ഗോട്ട് ആന്‍ഡ് ഗ്ലോബല്‍ എന്ന സ്ഥാപനവും ഒരേ വിലാസത്തിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തല്‍.

യുഎസ് ഏജന്‍സിയുടെ പങ്കിലും സംശയം

എഎഫ്എയ്ക്ക് പണം കൈമാറുന്നതിന് യുഎസ് ആസ്ഥാനമായ ഏജന്‍സി വഴിയാണ് സ്‌പോണ്‍സര്‍ കേന്ദ്രാനുമതി തേടിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പ്രസ്തുത ഏജന്‍സിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അമേരിക്കയില്‍ അന്വേഷണം നടന്നിട്ടുണ്ടെന്ന വിവരവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ പാലിച്ചിരുന്നോയെന്നും പണം കൈമാറ്റത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്തായിരുന്നുവെന്നും വിശദമായി പരിശോധിക്കണമെന്ന ശുപാര്‍ശ ഉയര്‍ന്നത്.

A Kerala Sports Department inquiry has reportedly flagged missing documentation and procedural concerns over the proposed ₹126-crore payment linked to Lionel Messi and Argentina’s planned Kerala visit

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT