Facebook/ Mark Zuckerberg
News & Views

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വിറ്റുകാശാക്കി, സക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കുമെതിരെ 68,000 കോടിയുടെ നഷ്ടപരിഹാര കേസ്

ഫേസ്ബുക്കിന് ലഭിച്ച 5 ബില്യന്‍ ഡോളറിന്റെ പിഴയും കോടതിച്ചെലവുകളും ചേര്‍ത്ത് 8 ബില്യന്‍ ഡോളര്‍ മസ്‌കും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും നല്‍കണമെന്നാണ് മെറ്റ നിക്ഷേപകരുടെ ആവശ്യം

Dhanam News Desk

ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും കമ്പനിയിലെ ഉന്നതര്‍ക്കുമെതിരെയുള്ള വിചാരണ തുടങ്ങി. കോടിക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റക്കക്കും മറ്റ് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കും വിറ്റുവെന്ന് 2018ല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ ഫേസ്ബുക്കിന് ലഭിച്ച 5 ബില്യന്‍ ഡോളറിന്റെ പിഴയും കോടതിച്ചെലവുകളും ചേര്‍ത്ത് 8 ബില്യന്‍ ഡോളര്‍ മസ്‌കും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും നല്‍കണമെന്നാണ് മെറ്റ നിക്ഷേപകരുടെ ആവശ്യം.

സക്കര്‍ബര്‍ഗും കമ്പനിയിലെ 11 ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വിറ്റതായും ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മെറ്റയിലെ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വകാര്യത ലംഘിച്ചതിന് പിഴ അടച്ച വകയിലും കോടതി ചെലവുകള്‍ക്കായും 8 ബില്യന്‍ ഡോളര്‍ (ഏകദേശം 68,000 കോടി രൂപ) നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കമ്പനിയാണ് കേബ്രിംഡ്ജ് അനലിറ്റിക്ക. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിലും കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടുവെന്ന് ആരോപണമുണ്ടായിരുന്നു.

രാഷ്ട്രീയ ബോംബ്

2018ലാണ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം പുറത്തുവരുന്നത്. 8.7 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിഡ് അനലിറ്റിക്കക്ക് അനധികൃതമായി ലഭിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സോഷ്യല്‍ മീഡിയ പ്രചാരണം നടത്താനാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ചതെന്നും വെളിപ്പെടുത്തലുണ്ടായി. ഉപയോക്താക്കളെ അറിയിക്കാതെ അവരുടെ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പിന്നാലെ 2012ലെ സ്വകാര്യത കരാറിന്റെ ലംഘനമാണെന്ന് കണ്ടെത്തി ഫേസ്ബുക്കിന് 5 ബില്യന്‍ ഡോളറും യു.എസ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ പിഴയിട്ടു.

ഷെയര്‍ വിറ്റും പണമുണ്ടാക്കി

അതേസമയം, കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് തൊട്ടുമുന്‍പ് തന്റെ കൈവശമുണ്ടായിരുന്ന ഫേസ്ബുക്ക് ഓഹരികള്‍ സക്കര്‍ബര്‍ഗ് വിറ്റെന്ന് ആരോപിച്ച് മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ ഒരു ബില്യന്‍ ഡോളറിന്റെ ലാഭം സക്കര്‍ബര്‍ഗിന് ലഭിച്ചുവെന്നും ആരോപണത്തില്‍ പറയുന്നു. എന്നാല്‍ സക്കര്‍ബര്‍ഗിന്റെ ഓഹരി ഇടപാടുകളെല്ലാം നേരത്തെ നിശ്ചയിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വെളിപ്പെടുത്തലും ഷെയര്‍ വില്‍പ്പനയും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT