മിഡില്‍ ഈസ്റ്റ് വീണ്ടും സംഘര്‍ഷത്തിന്റെ കേന്ദ്രമായി മാറിയതോടെ ആശങ്ക കടല്‍ കടന്നെത്തുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം പ്രവാസ ലോകത്ത് വലിയ തൊഴില്‍നഷ്ടത്തിന് വഴിയൊരുക്കിയിരുന്നു. വീണ്ടുമൊരു സംഘര്‍ഷം രൂപപ്പെടുന്നത് പ്രവാസികള്‍ക്ക് മാത്രമല്ല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അത്ര നല്ലതല്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ ഉണര്‍വാണ് കാലങ്ങളായി നല്കിയിരുന്നത്. എന്നാല്‍ യുദ്ധത്തിനുശേഷം പ്രവാസി പണംവരവില്‍ കുറവുണ്ടായി. തൊഴില്‍മേഖലയിലെ പ്രതിസന്ധികളാണ് പണത്തിന്റെ വരവ് കുറച്ചത്.
സംസ്ഥാനത്തേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നത് ഏകദേശം 2.16 ലക്ഷം കോടി രൂപയുടെ പ്രവാസിപ്പണമാണ്. ഇതിന്റെ സിംഹഭാഗവും വരുന്നത് ജി.സി.സി രാജ്യങ്ങളില്‍ നിന്നാണ്. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ അത് കേരളത്തിന്റെ ഓണവിപണിയെ ബാധിക്കും.
കേരളത്തിലെ വാര്‍ഷിക റീട്ടെയില്‍ വിപണിയുടെ സിംഹഭാഗം ബിസിനസും നടക്കുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ ഓണ സീസണിലാണ്. ഇക്കാലയളവില്‍ 45,000 കോടി മുതല്‍ 50,000 കോടി രൂപയുടെ വരെ ബിസിനസ് നടക്കാറുണ്ട്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വസ്ത്രങ്ങള്‍, സ്വര്‍ണം, മോട്ടോര്‍ വാഹനങ്ങള്‍, എഫ്.എം.സി.ജി മേഖലകളിലാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഉണ്ടാകുന്നത്.
പ്രവാസി പണമൊഴുക്കില്‍ തടസം നേരിട്ടാല്‍ ഓണ വിപണി താളംതെറ്റും. ഓണ വിപണിയെന്നത് വന്‍കിട കമ്പനികള്‍ക്ക് മാത്രമല്ല നേട്ടം നല്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഓണം അതിജീവനത്തിന്റെ കാലമാണ്.
പൂക്കച്ചവടം, പച്ചക്കറി വ്യാപാരം, പ്രാദേശികമായി നിര്‍മിക്കുന്ന ചിപ്‌സ് പോലെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിപണി എന്നിവയിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്ക് നേരിട്ട് പണമെത്തുന്നു. ഉത്സവകാലത്ത് താല്‍ക്കാലികമായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ഓണക്കാലത്തെ ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് കേരളത്തില്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. കയറ്റുമതിക്ക് വേണ്ടിയുള്ള കൃഷിയായതിനാല്‍ ചെലവും കൂടുതലാണ്. മാര്‍ച്ചിലെ യുദ്ധസമയത്തെ പോലെ കണ്ടെയ്‌നറുകള്‍ കയറിപോയില്ലെങ്കില്‍ ഇത്തരം കൃഷി നടത്തുന്നവര്‍ക്കും കയറ്റുമതിക്കാര്‍ക്കും കോടികളുടെ നഷ്ടം സംഭവിക്കും.
യുദ്ധത്തെതുടര്‍ന്ന് ഗള്‍ഫിലേക്കുള്ള കയറ്റുമതി താളംതെറ്റിയിരുന്നു. കേരള എക്സ്പോര്‍ട്ട് ഫോറം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം കൊണ്ട് കയറ്റുമതിയില്‍ 200 കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടമുണ്ടായെന്നാണ്. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ വലിയ നഷ്ടമാകും കയറ്റുമതി മേഖലയ്ക്ക് സംഭവിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine