പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകാമെന്ന് ഗവേഷണ സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ബിസിനസ് മോണിറ്റര്‍ ഇന്റര്‍നാഷണല്‍ (BMI). നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുകയും മൂലധന ഒഴുക്ക് മന്ദഗതിയിലാകുകയും ചെയ്യാം. യൂറോപ്യന്‍ യൂണിയനും യു.എസുമായുള്ള വ്യാപാര ചര്‍ച്ചാ പുരോഗതികളിലൂടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നേട്ടങ്ങളെയും നിഷ്ഫലമാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ബി എം ഐ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 7% എന്ന നിലയില്‍ തുടരുന്നു. എന്നാല്‍ മേഖലാ അനിശ്ചിതത്വം മുറുകിയാല്‍ ഈ കണക്ക് തെറ്റാം. മാര്‍ച്ചു മുതല്‍ പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതത്വം വര്‍ധിക്കും. ഇത് ഇന്ത്യയിലെ നിക്ഷേപങ്ങളെ ബാധിച്ച്, ഇ യു-യുഎസ് വ്യാപാര പുരോഗതിയുടെ അനുകൂല ഫലങ്ങളെ ഭാഗികമായി നിഷ്ഫലമാക്കാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്രയേല്‍-യു.എസ്-ഇറാന്‍ പോര് രൂക്ഷമായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കൂടുതല്‍ ആശങ്കാജനകമായി. ഇറാന്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണക്കപ്പല്‍ വിടില്ലെന്ന് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണവിതരണ ആശങ്ക കൂടി. ഹോര്‍മൂസ് കടലിടുക്ക് വഴി ലോകത്തെ എണ്ണ കയറ്റുമതിയുടെ വലിയൊരു വിഹിതമാണ് കടന്നുപോകുന്നത്. ഗതാഗത തടസമുണ്ടായാല്‍ ഇന്ത്യയുടെ ജിഡിപിയില്‍ 0.5 ശതമാനം പോയിന്റ് വരെ ഇടിവുണ്ടാകാമെന്ന് ബി എം ഐ വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍ എണ്ണവില വര്‍ധന നേരിട്ട് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കും.
അതേസമയം, വ്യാപാര രംഗത്ത് ചില അനുകൂല സൂചനകളും ബി എം ഐ ചൂണ്ടിക്കാട്ടുന്നു. യുഎസുമായി ഇടക്കാല വ്യാപാര കരാറിനുള്ള പുരോഗതിയും, ഇ യു-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ മുന്നേറ്റവും ഇന്ത്യയുടെ കയറ്റുമതിക്ക് പിന്തുണയാകാം. ഈ കരാറുകള്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരുമ്പോള്‍ വിപണി സാഹചര്യം മെച്ചപ്പെടുകയും കയറ്റുമതി വളരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഭാവിയിലെ സാമ്പത്തിക ദിശയെ നിര്‍ണയിക്കുന്നത് സംഘര്‍ഷത്തിന്റെ ദൈര്‍ഘ്യവും എണ്ണവിതരണത്തിലെ തടസങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസവും ആയിരിക്കുമെന്നാണ് ബി എം ഐയുടെ അന്തിമ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine