മലയാളിയുടെ പ്രവാസ ജീവിതം ഏറെയും ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍, കോവിഡിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മലയാളികളുടെ ഒഴുക്കായിരുന്നു. വിദേശ വിസ ഏജന്‍സികളുടെ വ്യാപക പ്രചാരണവും കോവിഡ് മൂലം കേരളത്തില്‍ തൊഴില്‍ പ്രതിസന്ധി വ്യാപിച്ചതും ഇതിന് വഴിയൊരുക്കി. കോവിഡിനുശേഷമുള്ള ഒഴുക്കിന് ഇപ്പോള്‍ കുറവുണ്ടായെങ്കിലും അന്ന് പോയവരിലേറെയും വിദേശ രാജ്യങ്ങളില്‍ അത്ര സുഖകരമായ ജീവിതമല്ല നയിക്കുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് യു.കെയില്‍.
കോവിഡ് മൂര്‍ധന്യത്തിനുശേഷം കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് നേഴ്‌സുമാരാണ് യു.കെയിലേക്ക് വിമാനം കയറിയത്. ഇതിനേക്കാളേറെ പേര്‍ കെയര്‍ഹോമുകളിലേക്കുള്ള ജോലിക്കായി ലക്ഷങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കി കടല്‍കടന്നു. എന്നാല്‍ ഇത്തരത്തില്‍ പോയവരിലേറെയും തിരിച്ചുവരാന്‍ പോലും നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയിലും പിന്നീട് കേരളത്തിലുമെത്തിയാണ് ബി.ബി.സി ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ബി.ബി.സിക്കു മുന്നില്‍ തങ്ങള്‍ക്കു പറ്റിയ ചതി തുറന്നു പറഞ്ഞവരിലേറെയും സാധാരണക്കാരാണ്. പലരും സുഹൃത്തുക്കളോടും കൊള്ളപലിശക്കാരോടും കടംവാങ്ങിയ പണമാണ് വിസ ലഭിക്കുന്നതിനായി ഇടനിലക്കാര്‍ക്ക് നല്‍കിയത്. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇടനിലക്കാര്‍ ഇവരുടെ കൈയില്‍ നിന്ന് വാങ്ങിയത്.
കോതമംഗലം സ്വദേശി അരുണ്‍ ജോര്‍ജ് (യഥാര്‍ത്ഥ പേരല്ല) ബി.ബി.സിയോട് പറഞ്ഞത് ഇപ്രകാരമാണ്- 15,000 പൗണ്ടാണ് (ഏകദേശം 16.5 ലക്ഷം രൂപ) ഭാര്യയ്‌ക്കൊപ്പം യു.കെയില്‍ കെയര്‍ഹോമില്‍ ജോലി ലഭിക്കുന്നതിനായി അള്‍ചിത കെയര്‍ എന്ന സ്ഥാപനത്തിനായി നല്‍കിയത്. ഇരുവരും വലിയ പ്രതീക്ഷയോടെ യു.കെയില്‍ എത്തിയെങ്കിലും കാര്യമായ ജോലിയൊന്നും ലഭിച്ചില്ല.
പണം നല്‍കിയ കെയര്‍ഹോമുകാരോട് നിരന്തരം ആവശ്യപ്പെട്ടതിനൊടുവില്‍ അവര്‍ ഒരു ജോലി ശരിയാക്കി കൊടുത്തു. എന്നാല്‍ വെറും മൂന്നു ദിവസത്തെ ജോലി മാത്രമായിരുന്നു അത്. യു.കെയിലെ വലിയ വാടകയും ചെലവും താങ്ങാനാകാതെ കുറച്ചു മാസങ്ങള്‍ക്കകം തിരിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്ന് അരുണ്‍ വെളിപ്പെടുത്തുന്നു.
ഇത് ഒരു അരുണിന്റെ മാത്രം കഥയല്ല. ഒരുപാട് പേര്‍ ഇത്തരത്തില്‍ യു.കെയിലെത്തി കഷ്ടപ്പാടിലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. കെയര്‍ ഹോമുകളില്‍ ആവശ്യത്തിലേറെ തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് പലരെയും യു.കെയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ജീവിത ചെലവുകള്‍ക്ക് പോലുമുള്ള വരുമാനം കിട്ടുന്നില്ലെന്നതാണ് വാസ്തവം.
യു.കെയില്‍ എത്തിയവരില്‍ മികച്ച സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്നവരുമുണ്ട്. കടുത്ത നികുതിയും കുത്തനെ ഉയര്‍ന്ന വാടകയും പലരുടെയും കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയായ സൗമ്യ തന്റെ എട്ടുവയസുള്ള മകനൊപ്പമാണ് യു.കെയിലെത്തിയത്. ഇവര്‍ വിവാഹമോചിതയാണ്.
നേഴ്‌സായി മികച്ച ആശുപത്രിയില്‍ തന്നെ ജോലി ലഭിച്ചെങ്കിലും വീട്ടുവാടകയും ടാക്‌സുമെല്ലാം കഴിഞ്ഞ് കഷ്ടിച്ചു ജീവിച്ചു പോകാനുള്ള പണം മാത്രമാണ് ലഭിക്കുന്നതെന്ന് സൗമ്യ പറയുന്നു. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ടെങ്കില്‍ മാത്രം എന്തെങ്കിലും മിച്ചംവയ്ക്കാന്‍ സാധിക്കും. ഒരാള്‍ മാത്രം ജോലി ചെയ്യുന്ന അവസ്ഥയാണെങ്കില്‍ യു.കെ ജീവിതം അത്ര സുഖകരമല്ലെന്നാണ് പലരുടെയും അനുഭവസാക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine