image: @kollam ksrtc facebook 
News & Views

പാട്ടുംപാടി പോകാം! വരുകയായി, 503 കുട്ടി ബസുകള്‍, ഊടുവഴികളിലും ഓടും, 2,000 പേര്‍ക്ക് പണിയുമായി

ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്ത ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകുക

Dhanam News Desk

ഗ്രാമപ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുളള മിനി ബസുകള്‍ ഉടന്‍ അവതരിപ്പിക്കാനുളള തയാറെടുപ്പുകളില്‍ മോട്ടോര്‍ വാഹന വകുപ്പ്. ഏതൊക്കെ റൂട്ടുകളിലാണ് മിനി ബസുകള്‍ സര്‍വീസ് നടത്തേണ്ടതെന്ന് എം.വി.ഡി കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബസുകള്‍ അവതരിപ്പിക്കുന്നത്.

തിരഞ്ഞെടുത്ത ഓരോ റൂട്ടിലും സർവീസ് നടത്തുന്നതിന് കുറഞ്ഞത് രണ്ട് ബസുകൾക്കെങ്കിലും "ലൈസൻസ്" നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഈ റൂട്ടുകളില്‍ സർവീസുകൾ നടത്തും. മത്സരം ഒഴിവാക്കുന്നതിനും ഓപ്പറേറ്റർമാർക്ക് റൂട്ടുകൾ ലാഭകരമാണെന്ന് ഉറപ്പാക്കുന്നതിനും അധിക പെർമിറ്റുകൾ അനുവദിക്കില്ല.

ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുക

പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ഉള്‍ക്കൊളളാന്‍ സാധിക്കാത്ത മിനി ബസുകള്‍ അവതരിപ്പിക്കുന്നതിലൂടെ താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളില്‍ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

കൂടാതെ ഇത്തരം ബസുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നഷ്ടം കൂടാതെ സര്‍വീസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭിക്കുന്നതായിരിക്കും നടപടി.

ഡബിൾ ഡെക്കർ സർവീസ് ലാഭത്തില്‍

ഏപ്രിൽ മുതൽ കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കും. അന്തർസംസ്ഥാന റൂട്ടുകളിൽ 36 ആഡംബര സ്ലീപ്പർ എ.സി ബസുകളും മിനി ബസുകളും ഇതില്‍ ഉൾപ്പെടും. മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. പ്രതിദിനം 40,000 രൂപ ലാഭമാണ് സര്‍വീസിന് ലഭിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ലോക്കൽ ബസുകളിലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ താമസിയാതെ സ്ഥാപിക്കും. ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT