ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളിക്ക്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വച്ച് മന്ത്രി റോജി എം ജോണില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ജൂറി ചെയര്‍മാനും ധനകാര്യ വിദഗ്ധനുമായ വേണുഗോപാല്‍ സി ഗോവിന്ദ്, ബ്യൂമെര്‍ക് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, മുന്‍ കേന്ദ്ര ഗതാഗത സെക്രട്ടറി ഡോ. എം രാമചന്ദ്രന്‍, ധനം ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലേക്ക് 2012ലാണ് മിഥുന്‍ കെ ചിറ്റിലപ്പിള്ളി കടന്നുവരുന്നത്. 2013ല്‍ കമ്പനിയുടെ വരുമാനം 1,407 കോടി രൂപ. 2025ല്‍ വി ഗാര്‍ഡിന്റെ വരുമാനം എത്തിനില്‍ക്കുന്നത് 5,500 കോടി രൂപയിലും. 12 വര്‍ഷം കൊണ്ട് നാല് മടങ്ങ് വര്‍ധന! ബിസിനസ് വലുപ്പത്തില്‍ മാത്രമല്ല വി ഗാര്‍ഡിനെ അടിമുടി മാറ്റിയിരിക്കുന്നു മിഥുന്‍ ചിറ്റിലപ്പിള്ളി.
രാജ്യത്തെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് വമ്പനായി വി ഗാര്‍ഡ് വളര്‍ന്നതിന് പിന്നില്‍ മിഥുന്റെ നൂതനമായ കാഴ്ചപ്പാടുകളും ബിസിനസ് ശൈലികളും വഹിച്ച പങ്ക് നിര്‍ണായകമാണ്. 2008ല്‍ വി ഗാര്‍ഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന നാളുകള്‍ മുതല്‍ കമ്പനിയിലെ ഇന്നൊവേഷനുകള്‍ക്ക് പിന്നിലും പ്രകടനത്തിന്റെ അണിയറയിലും മിഥുന്റെ സ്ട്രാറ്റജികളുണ്ട്.
ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് മിഥുന്‍ കമ്പനിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നത്. 2013ല്‍ വി ഗാര്‍ഡില്‍ കൊണ്ടുവന്ന പരിവര്‍ത്തന്‍ എന്ന സ്ട്രാറ്റജറ്റിക് കസ്റ്റമര്‍ സര്‍വീസ് തന്നെ ഇതിന് ഉദാഹരണം. കസ്റ്റമര്‍ സര്‍വീസ് രംഗത്ത് വിപ്ലവകരമായ നീക്കം തന്നെയായിരുന്നു അത്. സപ്ലെ ചെയിന്‍ പ്രാക്ടീസ് രംഗത്ത് അവതരിപ്പിച്ച പ്രോജക്റ്റ് ഉഡാന്‍ കമ്പനിയുടെ സപ്ലെ ചെയിന്‍ മാനേജ്മെന്റ് സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ചു.
വി ഗാര്‍ഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് രംഗത്തും അടിമുടി മാറ്റം കൊണ്ടുവന്ന മിഥുന്‍ 2018ല്‍ വി ഗാര്‍ഡ് എന്ന ബ്രാന്‍ഡിനെ ഭാവിയെ മുന്നില്‍ കണ്ട് റീ പൊസിഷന്‍ ചെയ്തു. ഈ മാറ്റങ്ങളെല്ലാം തന്നെ ഫ്യൂച്ചറിസ്റ്റിക്കായൊരു കമ്പനിയായി വി ഗാര്‍ഡിനെ രൂപാന്തരപ്പെടുത്തുകയായിരുന്നു. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, പ്രോഡക്റ്റ് ടെസ്റ്റിംഗ്, ലേണിംഗ്, ഡെവലപ്മെന്റ്, ലീഡര്‍ഷിപ്പ് ട്രെയ്നിംഗ് എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ഇന്നൊവേഷന്‍ കാംപസാണ് മിഥുന്റെ മറ്റൊരു നിര്‍ണായക നീക്കം.
ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ വിപണിയിലേക്ക് വി ഗാര്‍ഡ് സാന്നിധ്യം ശക്തമാക്കിയതിന് പിന്നിലും മിഥുന്റെ തന്ത്രങ്ങളുണ്ട്. ഇതിനൊപ്പം തന്നെ വി ഗാര്‍ഡിന്റെ ഉല്‍പ്പന്നശ്രേണി വിപുലീകരിച്ച് കിച്ചണ്‍ അപ്ലയന്‍സസിലേക്കും വാട്ടര്‍ പ്യൂരിഫയര്‍, മോഡുലാര്‍ സ്വിച്ചസ്, സ്വിച്ച് ഗിയര്‍, സോളാര്‍ ഇന്‍വെര്‍ട്ടര്‍, എയര്‍ കൂളര്‍ പോലുള്ള മറ്റ് മേഖലകളിലേക്കും കടന്നു. രാജ്യത്തെ എഫ്എംഇജി കാറ്റഗറിയില്‍ വി ഗാര്‍ഡിനെ മുന്‍നിരയിലേക്ക് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മിഥുന്‍ ഇന്ന് കമ്പനിയെ നയിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine