image:@https://cochinshipyard.in/ 
News & Views

കൊച്ചിയില്‍ നിന്ന് കപ്പല്‍ വാങ്ങാന്‍ ജപ്പാന്‍ കമ്പനി! ഇന്ത്യയെ കപ്പല്‍ നിര്‍മാണ ഹബ്ബാക്കുമെന്ന് മിറ്റ്‌സുയി ഒ.എസ്.കെ ലൈന്‍

രാജ്യത്തെ കപ്പല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 25,000 കോടി രൂപയുടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നീക്കം

Dhanam News Desk

ഇന്ത്യയെ കപ്പല്‍ നിര്‍മാണത്തിനുള്ള ഹബ്ബാക്കി മാറ്റാനൊരുങ്ങി ജാപ്പനീസ് ഷിപ്പിംഗ് കമ്പനിയായ മിട്‌സുയ് ഒ.എസ്.കെ ലൈന്‍സ് (എം.ഒ.എല്‍). കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണശാലകളുമായി കമ്പനി ഇതിനോടകം ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കപ്പല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 25,000 കോടി രൂപയുടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നീക്കം.

ടോക്കിയോ ആസ്ഥാനമായ എം.ഒ.എല്‍ സ്വന്തം രാജ്യത്തിന് പുറമെ ചൈന, കൊറിയ എന്നിവിടങ്ങളിലാണ് കപ്പലുകള്‍ നിര്‍മിച്ചു പോരുന്നത്. എന്നാല്‍ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് നിര്‍മാണം വ്യാപിപ്പിക്കാനാണ് തീരുമാനം. തുടക്കത്തില്‍ മീഡിയം റേഞ്ച് കാരിയറുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുക. പിന്നീട് പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ആധുനിക കപ്പലുകള്‍ വരെ ഇവിടെ നിര്‍മിക്കും. മത്സരക്ഷമത കൂടുമ്പോള്‍ ലാഭകരമായി കപ്പല്‍ നിര്‍മാണം സാധ്യമാകുമെന്ന് എം.ഒ.എല്‍ സൗത്ത് ഏഷ്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് റീജിയന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്ടന്‍ ജയരാമന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂലൈയില്‍ ദക്ഷിണ കൊറിയയിലെ എച്ച്.ഡി കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡുമായി ദീര്‍ഘകാല സഹകരണത്തിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനിയുമായുള്ള സഹകരണ സാധ്യതയും ഉയര്‍ന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ക്യാപ്ടന്‍ ജയരാമന്‍ വിശദീകരിച്ചു. മൂന്ന് വര്‍ഷമായി സംസാരിക്കുകയാണ്. ഇത്തരം കപ്പലുകള്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുണമേന്മയുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയം റേഞ്ച് കാരിയറുകള്‍

ശുദ്ധീകരിച്ച ക്രൂഡ് ഓയില്‍ ഉത്പന്നങ്ങള്‍ പോലുള്ള ചരക്കുകള്‍ വഹിക്കാവുന്ന കപ്പലുകളാണിവ. അരലക്ഷം ഡെഡ് വെയിറ്റ് (DWT) ആണ് ശേഷി. ഇത്തരം ഒരു കപ്പല്‍ നിര്‍മിക്കാന്‍ ചൈനയില്‍ 50 മില്യന്‍ ഡോളറാണ് ചെലവ് വരുന്നത്. 52 മില്യന്‍ ഡോളറിന് ദക്ഷിണ കൊറിയയിലും ഈ കപ്പല്‍ നിര്‍മിക്കാം. 18 മാസത്തിനുള്ളില്‍ ഡെലിവറിയും സാധ്യമാണ്. ഇവ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ചെലവും സമയവും കൂടുതലാണെന്നും അന്താരാഷ്ട്ര കമ്പനികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

ചൈനീസ് ആധിപത്യം

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കപ്പലുകള്‍ നിര്‍മിക്കുന്ന രാജ്യം ചൈനയാണ്. ആകെ പുറത്തിറങ്ങുന്ന കപ്പലുകളുടെ 40 ശതമാനവും ചൈനയുടെ വകയാണ്. ദക്ഷിണ കൊറിയ 30 ശതമാനവും ജപ്പാന്‍ 20 ശതമാനവും സംഭാവന ചെയ്യുന്നു. എന്നാല്‍ ഇത്രയധികം ആകെ കപ്പലുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയില്‍ നിന്ന് നീറ്റിലിറങ്ങുന്നത്. കപ്പല്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്നതിലെ അപര്യാപ്തയാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നയങ്ങളിലെ തെറ്റായ പ്രവണതകള്‍ തിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Japanese shipping giant Mitsui O.S.K. Lines plans to place vessel orders with Indian shipyards, including Cochin Shipyard, strengthening maritime ties.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT