എംകെഇഎല്‍ മറൈന്റെ കായക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച കമാന്‍ഡര്‍ അഭിലാഷ് ടോമിക്കൊപ്പം എംകെഇഎല്‍ മറൈന്‍ സ്ഥാപകനും സിഇഒയുമായ ജോസ് ബാബു മാളിയേക്കല്‍. 
News & Views

പവര്‍ ബോട്ടുകളും കയാക്കുകളും ഇനി കേരളത്തില്‍: ബോട്ട് നിര്‍മാണ രംഗത്തേക്ക് എംകെഇഎല്‍ മറൈന്‍

റെസിന്‍ സാങ്കേതികവിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് യോട്ടുകളും മോട്ടോര്‍ ബോട്ടുകളും തദ്ദേശീയമായി നിര്‍മിക്കും

Dhanam News Desk

വിനോദസഞ്ചാര ബോട്ടിംഗ് മേഖലയിലെ വിദേശ ആശ്രയത്വം അവസാനിപ്പിച്ച് കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട നിര്‍മാണ കേന്ദ്രമാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള എംകെഇഎല്‍ മറൈന്‍ (MKEL Marine). ആഗോള നിലവാരത്തില്‍ തദ്ദേശീയമായി രൂപകല്‍പന ചെയ്ത അഞ്ച് പുതിയ ഫ്‌ളാഗ്ഷിപ്പ് വാട്ടര്‍ക്രാഫ്റ്റ് ലൈനുകള്‍ കമ്പനി പുറത്തിറക്കി.

ഞാറയ്ക്കലിലെ നിര്‍മാണ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നാവികനും നാവികസേനാ മുന്‍ കമാന്‍ഡറുമായ അഭിലാഷ് ടോമി പുതിയ ബോട്ട് നിരകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നാവിക ആര്‍ക്കിടെക്റ്റും എംകെഇഎല്‍ മറൈന്‍ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോമ്പോസിറ്റ് റെസിന്‍ സാങ്കേതികവിദ്യയില്‍ ഈ യാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

10 കോടി രൂപയുടെ വികസന പദ്ധതികള്‍

നിലവില്‍ 2.5 കോടി രൂപ നിക്ഷേപിച്ച കമ്പനി, 2027 ഓടെ മൂലധന നിക്ഷേപം 10 കോടി രൂപയായി ഉയര്‍ത്തും. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ടെക്‌നിക്കല്‍ മേഖലയില്‍ ജീവനക്കാരുടെ എണ്ണം 2027 പകുതിയോടെ 50 ആയും 2028 ഓടെ 100 ആയും ഉയര്‍ത്തും.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള മറൈന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി കേരളത്തെ മാറ്റാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ആസ്ഥാനമായ ബി & ജി യാട്ട് ഡിസൈനുമായി കമ്പനി അടുത്തിടെ പങ്കാളിത്ത കരാറിലെത്തിയിരുന്നു.

പുറത്തിറക്കിയത് 5 മോഡലുകള്‍

പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും കായിക വിനോദങ്ങള്‍ക്കുമായി ഭാരം കുറഞ്ഞ കോമ്പോസിറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ടൂറിങ് & എക്‌സ്പീഡിഷന്‍ കയാക്കുകളാണ് പുറത്തിറക്കിയതില്‍ പ്രധാന മോഡല്‍.

കോസ്റ്റല്‍ പട്രോളിംഗ്, ആഡംബര യാത്രകള്‍ എന്നിവയ്ക്കായുള്ള വേലോര്‍ പവര്‍ബോട്ട് സീരീസ്, കായല്‍ ടൂറിസം, സ്പോര്‍ട്‌സ് ഫിഷിംഗ്, റിസോര്‍ട്ട് ആവശ്യങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ വര്‍ക്ക് മോട്ടോര്‍ ബോട്ടുകളും കമ്പനി പുറത്തിറക്കി.

ടോണി ചമ്മണി എംഎല്‍എ, യൂറോടെക് മാരിടൈം അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ജെന്‍സണ്‍ പോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT