Mock drill canva
News & Views

അപകട സൈറന്‍ മുഴക്കുന്നത് എന്തിന്? യുദ്ധത്തിനുള്ള തയ്യാറെടുപ്പോ എന്നും ആശങ്ക

രാജ്യവ്യാപകമായി മോക്ഡ്രില്‍ നടക്കുന്നത് അര നൂറ്റാണ്ടിന് ശേഷം

Dhanam News Desk

മറ്റന്നാള്‍ രാജ്യവ്യാപകമായി അപകട സൈറനുകള്‍ മുഴങ്ങും. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള പരിശീലനം നടക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം, ഇന്ത്യാ-പാക് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണോ? അപകടഘട്ടങ്ങളെ നേരിടാനുള്ള പരിശീലനം നടത്തുന്നതിനുള്ള മോക്ഡ്രില്ലിനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര നിര്‍ദേശം ഇങ്ങിനെ

മെയ് ഏഴിന് എല്ലാ സംസ്ഥാനങ്ങളും മോക് ഡ്രില്‍ നടത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ റെയ്ഡ് സൈറനുകള്‍ മുഴക്കാനും ജനങ്ങളുടെ സുരക്ഷക്കുള്ള പരിശീലനം നടത്താനും നിര്‍ദേശമുണ്ട്. അപകടസമയത്ത് നേരിടേണ്ട മുന്‍കരുതലുകള്‍ പരിശോധിക്കുക, പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക, ഒഴിപ്പിക്കല്‍ പദ്ധതികള്‍ അവലോകനം ചെയ്യുകയും പരിശീലിക്കുകയും ചെയ്യുക എന്നിവയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

അര നൂറ്റാണ്ടിന് ശേഷം ആദ്യം

രാജ്യ വ്യാപകമായി ഇത്തരമൊരു മോക്ഡ്രില്ലിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് അരനൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ്. 1971 ലാണ് അവസാനമായി ദേശവ്യാപകമായ മോക്ഡ്രില്‍ നടന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടന്നത് ആ വര്‍ഷമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും യുദ്ധത്തിന്റെ വക്കിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT