Image courtesy: x.com/chandrababu naidu, x.com/Nitish Kumar 
News & Views

നിതീഷ് കുമാറിന്റെ 'സ്‌പെഷ്യല്‍' ആവശ്യത്തോട് മുഖംതിരിച്ച് മോദി; നായിഡുവിനെയും വെട്ടി

ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ ഭാവിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം ബി.ജെ.പിക്കുണ്ട്

Dhanam News Desk

ബിഹാറിന് പ്രത്യേക പദവി വേണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബിഹാറിനു വേണ്ടിയുള്ള ജനതാദള്‍ യുണൈറ്റഡിന്റെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിതീഷ് കുമാര്‍.

പ്രത്യേക പദവി ലഭിക്കുന്നതോടെ അടുത്തു തന്നെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു ബിഹാറിലെ എന്‍.ഡി.എ നേതൃത്വം. ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും സമാനമായ ആവശ്യങ്ങളുമായി രംഗത്തെത്തിയേക്കുമെന്ന ഭയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. ഇതാണ് നിതീഷിന്റെ ആവശ്യം നിരസിക്കാന്‍ കാരണം.

സന്ദേശം വ്യക്തം

ബിഹാറില്‍ നിന്നുള്ള എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. പ്രത്യേക പദവി ലഭിക്കാനുള്ള നിബന്ധനകളില്‍ ബിഹാര്‍ പെടുന്നില്ലെന്നാണ് പങ്കജ് ചൗധരി അറിയിച്ചത്.

തെലുഗുദേശം പാര്‍ട്ടിയും ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. അമരാവതിയിലെ തലസ്ഥാന നഗരത്തിന്റെ നിര്‍മാണത്തിന് അടക്കം 60,000 കോടി രൂപയുടെ പാക്കേജാണ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം. പ്രത്യേക പദവി ഇല്ലെങ്കിലും സാമ്പത്തിക സഹായം കിട്ടിയാല്‍ നായിഡു തൃപ്തനാകും.

കൂടുതല്‍ പദ്ധതികള്‍ ലഭിച്ചേക്കും

അതേസമയം, സഖ്യകക്ഷികളാണെങ്കിലും അനാവശ്യ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം കൂടുതല്‍ പരിഗണന നല്‍കിയാല്‍ ഭാവിയില്‍ രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം ബി.ജെ.പി നേതൃത്വത്തിനുണ്ട്.

പ്രത്യേക പദവി ആവശ്യം തള്ളിയെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും കൂടുതല്‍ പദ്ധതികള്‍ മാറ്റിവയ്ക്കുമെന്നാണ് സൂചന. അടുത്തു തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കും വലിയ പരിഗണന കിട്ടിയേക്കും. ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് എം.പിയെ കിട്ടിയ വകയില്‍ കേരളത്തിനും ചില അപ്രതീക്ഷിത പദ്ധതികള്‍ കിട്ടിയാലും അത്ഭുതപ്പെടാനില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT