canva
News & Views

കേരളം എന്തു ചെയ്യും? നികുതി വിഹിതം ഇനിയും കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കേന്ദ്രനികുതിയുടെ 41 ശതമാനമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി നല്‍കുന്നത്

Dhanam News Desk

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുമായുള്ള നികുതി പങ്കിടല്‍ തീരുമാനിക്കാന്‍ നിയമിച്ച പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ നികുതി വിഹിതത്തില്‍ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നത്. ഇത് 40 ശതമാനമായി വെട്ടിക്കുറക്കാനാണ് നീക്കം. നികുതി വിഹിതം 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് കേന്ദ്രനീക്കം. എന്‍.കെ സിംഗിന്റെ നേതൃത്വത്തിലുള്ള 15ാം ധനകാര്യ കമ്മിഷനാണ് 42ല്‍ നിന്നും 41 ശതമാനമാക്കി വിഹിതം കുറച്ചത്.

2026-27 മുതല്‍ അഞ്ചു സാമ്പത്തിക വര്‍ഷത്തേക്കുള്ള 16-ാം ധനകമീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 31ന് മുമ്പ് സമര്‍പ്പിക്കും. ഇതിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ കമ്മിഷന് മുന്നില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചയുടന്‍ ധനകാര്യ കമ്മിഷനെ സമീപിക്കാനാണ് നീക്കം. ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയാല്‍ പോലും പ്രതീക്ഷിത നികുതി വരവ് അനുസരിച്ച് 35,000 കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സിലെ റിപ്പോര്‍ട്ടില്‍ തുടരുന്നു.

സംസ്ഥാനങ്ങളോടുള്ള വിവേചനം

1980ല്‍ കേന്ദ്രനികുതിയുടെ 20 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി നീക്കിവെച്ചിരുന്നത്. ഇത് 41 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും ഫണ്ട് വിനിയോഗത്തിലെ കര്‍ശന നിബന്ധനകള്‍ പല സംസ്ഥാനങ്ങള്‍ക്കുമുള്ള കേന്ദ്ര നികുതി വിഹിതത്തില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ നികുതി പിരിക്കാനുണ്ടായിരുന്ന അവകാശം 2017 ജി.എസ്.ടി എത്തിയതോടെ പരിമിതമായി. കോവിഡിന് ശേഷം സെസുകളും സര്‍ചാര്‍ജുകളും കേന്ദ്രം വര്‍ധിപ്പിച്ചെങ്കിലും അധിക വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവിഹിതം കൂടി വെട്ടിക്കുറച്ചാല്‍ ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സ്ഥിതി പരുങ്ങലിലാകും.

കേരളത്തിനെ എങ്ങനെ ബാധിക്കും

കേന്ദ്രബജറ്റ് രേഖകള്‍ അനുസരിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 24,772.38 കോടിരൂപയും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 27,382.06 രൂപയുമാണ് കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം. സംസ്ഥാനങ്ങള്‍ക്കായി നീക്കി വച്ചതില്‍ നിന്നും കേവലം 1.92 ശതമാനം മാത്രമാണിത്. 10ാം ധനകാര്യ കമ്മിഷന്‍ 3.8 ശതമാനം വിഹിതം അനുവദിച്ചിരുന്നെങ്കില്‍ 15ാം ധനകാര്യ കമ്മിഷന്‍ ഇത് 1.92 ശതമാനമായി വെട്ടിക്കുറക്കുകയായിരുന്നു. കേരളം സന്ദര്‍ശിച്ച പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ നികുതി വിഹിതം വര്‍ധിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പണഞെരുക്കത്തിന് കാരണം കേന്ദ്രവിഹിതം വെട്ടിക്കുറച്ചതാണെന്ന് ആരോപിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിലും കൂടുതല്‍ വെട്ടിക്കുറക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT