News & Views

₹10,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി

പ്രവാസികളുടെ ആശങ്കകള്‍ക്കും സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കും ഒരുമിച്ചുള്ള സന്ദേശമായിരുന്നു കൊച്ചിയിലെ പ്രസംഗം

Dhanam News Desk

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് അവിടുത്തെ ഭരണകൂടങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിനിടയിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹകരിച്ച ഗള്‍ഫ് രാജ്യങ്ങളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.

പശ്ചിമേഷ്യയിലെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ത്യക്കാര്‍ക്ക് പ്രശ്‌നമുണ്ടായാല്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

10,000 കോടിയുടെ പദ്ധതികള്‍

കേരളത്തില്‍ 10,000 കോടിയിലധികം മൂല്യമുള്ള നിരവധി വികസന പദ്ധതികള്‍ക്കാണ് മോദി തുടക്കം കുറിച്ചത്. പെട്രോകെമിക്കല്‍, റോഡ്, റെയില്‍വേ തുടങ്ങിയ മേഖലകളിലായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു.

കൊച്ചി റിഫൈനറിയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (BPCL) സ്ഥാപിക്കുന്ന പോളിപ്രൊപ്പിലീന്‍ യൂണിറ്റിന്റെ ശിലാസ്ഥാപനമാണ് പ്രധാന പദ്ധതികളിലൊന്ന്. 5,500 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്‌സ്‌റ്റൈല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി വ്യവസായങ്ങള്‍ക്ക് ആവശ്യമായ പോളിമര്‍ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചരക്കു ഗതാഗതം സുഗമമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. റെയില്‍വേ മേഖലയിലും ചില വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച മോദി പുതിയ ട്രെയിന്‍ സര്‍വീസും ഫ്ളാഗ് ഓഫ് ചെയ്തു.

വ്യവസായ വികസനത്തിന് കരുത്ത്

ഈ പദ്ധതികള്‍ കേരളത്തിലെ വ്യവസായ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് പെട്രോകെമിക്കല്‍ മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് അനുബന്ധ വ്യവസായങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

രാഷ്ട്രീയ സന്ദേശവും

പ്രസംഗത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികളെയും മോദി വിമര്‍ശിച്ചു. ആഗോള സംഘര്‍ഷങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സന്ദേശങ്ങളും മോദിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. വികസനവും ദേശീയ സുരക്ഷയും സര്‍ക്കാരിന്റെ പ്രധാന അജണ്ടകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT