Image courtesy: truthsocial.com/@realDonaldTrump, x.com/narendramodi
News & Views

കുടിയേറ്റക്കാരുടെ നാടുകടത്തല്‍ മുതല്‍ സൈനിക ഇടപാടു വരെ ചര്‍ച്ചയിലേക്ക്; മോദി-ട്രംപ് കൂടിക്കാഴ്ച മണിക്കൂറുകള്‍ക്കകം

ഇന്ത്യന്‍ സമയം 2.35 ന് ആരംഭിക്കുന്ന കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മണിക്കൂറികള്‍ക്കകം കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ 2.30 നാണ് (1600 Hrs, EST) മോദി വൈറ്റ് ഹൗസിലെത്തുന്നത്. ഇന്ത്യന്‍ സമയം 2.35 ന് ആരംഭിക്കുന്ന കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ഇന്ത്യന്‍ സമയം രാവിലെ 3.40 നാണ് (1710 - 1740 Hrs, EST) വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

പ്രവചനാതീതമാണ് ട്രംപിന്റെ പ്രവൃത്തികള്‍. അതുകൊണ്ടു തന്നെ ട്രംപ് എന്താണ് ഇന്ത്യക്കായി കരുതിവെച്ചിരിക്കുക എന്ന അനുമാനിക്കുക ദുഷ്കരമാണ്. ചര്‍ച്ചയില്‍ ഉയര്‍ന്നു വരാനിടയുളള പ്രധാന വിഷയങ്ങള്‍ ഇവയാണ്.

വ്യാപാരവും താരിഫും

കാനഡ, മെക്സിക്കോ, ചൈന രാജ്യങ്ങള്‍ക്ക് ട്രംപ് തീരുവ ചുമത്തിയെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനത്തിന് മുന്നോടിയായി മോദി കൂടിയ വിലയുളള മോട്ടോർസൈക്കിളുകൾക്കും ഇലക്ട്രിക് ബാറ്ററികൾക്കും തീരുവ കുറച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ ഒരു വ്യാപാര കരാറില്‍ എത്താനായിരിക്കും ഇരു നേതാക്കളും ശ്രമിക്കുക.

പ്രതിരോധ മേഖല

പ്രതിരോധ മേഖലയില്‍ പുതിയ കരാറുകൾ ഇരു നേതാക്കളും പ്രഖ്യാപിക്കാനിടയുണ്ട്. 2007 മുതൽ 25 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന പ്രതിരോധ കരാറുകളിലാണ് യുഎസ് ഇന്ത്യയുമായി ഏര്‍പ്പെട്ടിട്ടുളളത്. കഴിഞ്ഞ ഒക്ടോബറിൽ 31 എം.ക്യു-9ബി പ്രെഡേറ്റർ റിമോട്ട് പൈലറ്റഡ് വിമാനങ്ങൾക്കായി 3.3 ബില്യൺ ഡോളറിന്റെ മെഗാ കരാറിലും ഇന്ത്യ ഒപ്പുവച്ചിരുന്നു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയ പ്രതിരോധ ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാനുള്ള സന്നദ്ധത മോദി പ്രകടിപ്പിക്കാനിടയുണ്ട്.

ന്യൂക്ലിയര്‍ ടെക്നോളജി

ഇന്ത്യ അമേരിക്കയുമായി നൂതന മോഡുലാർ ആണവ റിയാക്ടറുകളുടെ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനിടയുണ്ട്. ഇന്ത്യയുടെ ആണവ നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ മെഗാ പവർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള റിയാക്ടറുകൾ വിതരണം ചെയ്യുന്നതിന് അമേരിക്കന്‍ കമ്പനികളെ ആകർഷിക്കുന്നതാണ്.

ക്രൂഡ് ഓയില്‍

ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ വർഷം വർദ്ധിപ്പിച്ചിരുന്നു. ക്രൂഡ് ഓയില്‍ ഉൽപ്പാദനം യുഎസ് പരമാവധിയാക്കുമെന്ന് അധികാരമേറ്റ ശേഷം ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ യു.എസില്‍ നിന്ന് കൂടുതൽ അളവ് എണ്ണ ഇറക്കുമതിക്ക് തയാറാകാനും സാധ്യതയുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 5 ശതമാനം നിലവില്‍ യു.എസില്‍ നിന്നാണ്.

കുടിയേറ്റം

യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്തണമെന്ന നിലപാടാണ് ട്രംപിനുളളത്. യുഎസില്‍ ഏകദേശം 18,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ കാര്യത്തില്‍ എന്തു നിലപാടാണ് ചര്‍ച്ചയില്‍ സ്വീകരിക്കുക എന്നത് പ്രധാനമാണ്. സ്‌കിൽഡ്-വർക്കർ വീസകൾ പോലെ യുഎസിലേക്കുള്ള കുടിയേറ്റത്തിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ പരിപോഷിപ്പിക്കാനും ഇന്ത്യക്ക് ആഗ്രഹമുണ്ട്.

മസ്കിനെ കാണുന്നു

യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി ഇലോണ്‍ മസ്കിനെയും കാണുന്നുണ്ട്.

മോദിയും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സേവനങ്ങളുടെ ഇന്ത്യയിലെ സാധ്യതകൾ, രാജ്യത്ത് ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത എന്നിവയെക്കുറിച്ച് ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ സുപ്രധാന ചുമതലയാണ് മസ്ക് ഇപ്പോള്‍ വഹിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT