News & Views

ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയ്ന്‍ എന്നിവയ്‌ക്കെതിരെ മോഹന്‍ഭാഗവത്

ബിറ്റ്‌കോയ്ന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണമെന്നും ആര്‍എസ്എസ് തലവന്‍

Dhanam News Desk

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ബിറ്റ്‌കോയ്‌നുമെതിരെ പ്രതികരിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭാഗവത്. കോടികളുടെ ബിസിനസ് നടക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമം ഇല്ലാത്തതിനും ബിറ്റ്‌കോയ്ന്‍ ഉപയോഗത്തിനുമെതിരെയാണ് നാഗ്പൂരില്‍ നടന്ന വിജയദശമി പരിപാടിയില്‍ വെച്ച് മോഹന്‍ഭാഗവത് പ്രതികരിച്ചത്. കോവിഡ് വ്യാപകമായതോടെ കുട്ടികളടക്കം വ്യാപകമായി ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത ഉള്ളടക്കം അവരെ വഴിതെറ്റിക്കുമെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയ അടക്കമുള്ള ഡിജിറ്റല്‍ കണ്ടന്റ് പ്രൊവൈഡര്‍മാരെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ഫെബ്രുവരിയില്‍ ഐറ്റി വകുപ്പ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി 'ഗെഡ്‌ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്റ് ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്' പുറത്തിറക്കിയിരിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഡിസ്‌നി പ്ലസ്, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എത്തിക്‌സ് കോഡ് നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അവയില്‍ വയസ്സിന്റെ അടിസ്ഥാനത്തില്‍ കണ്ടന്റ് അഞ്ച് വിഭാഗങ്ങളായി തിരിക്കാനും പാരന്റല്‍ ലോക്ക് സംവിധാനം ഉള്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

ബിറ്റ്‌കോയ്ന്‍ പോലുള്ള നാണയങ്ങളെ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും ഇത്തരം നാണയങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നുമാണ് മോഹന്‍ഭാഗവത് പറയുന്നത്. ഇവ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 10 കോടിയിലേറെ പേര്‍ക്ക് ബിറ്റ്‌കോയ്ന്‍ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ആര്‍എസ്എസ് തലവന്റെ പ്രസ്താവന. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യ ബിറ്റ്‌കോയ്ന്‍ നിക്ഷേപത്തില്‍ അഞ്ചാം സ്ഥാനത്തുണ്ട്. 12.73 ശതമാനവുമായി ഉക്രൈന്‍ ആണ് ഒന്നാമത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT