Canva
News & Views

സ്‌കൂള്‍ തുറക്കാന്‍ കാത്തുനില്‍ക്കില്ല, കാലവര്‍ഷം മേയ് 27നെത്തും, 16 വര്‍ഷത്തിനിടെ ഇതാദ്യം, സാമ്പത്തിക മേഖലക്കും ഉണര്‍വാകും

ഇക്കുറി സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം

Dhanam News Desk

ഇക്കുറി കേരളത്തില്‍ കാലവര്‍ഷം നേരത്തെയെത്തും. കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നിനാണ് സാധാരണ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്താറുള്ളത്. ഇക്കുറി പതിവിലും നേരത്തെ മെയ് 27ന് തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും നേരത്തെ മണ്‍സൂണ്‍ കാറ്റുകളെത്തുന്നത്. അന്ന് മെയ് 23നാണ് കാലവര്‍ഷം ആരംഭിച്ചത്.

ഇക്കുറി മഴ ഇങ്ങനെ

അറബിക്കടലിലൂടെ കേരളത്തിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മണ്‍സൂണ്‍ കാറ്റെത്തുന്നത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വടക്കുകിഴക്കന്‍ തുലാവര്‍ഷമായി തിരികെ പോകും. സെപ്റ്റംബര്‍ 17ന് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ രൂപപ്പെടുമെന്നും ഒക്ടോബര്‍ 15ഓടെ അവസാനിക്കുമെന്നുമാണ് പ്രവചനം. ഇക്കുറി സാധാരണയില്‍ കവിഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും ഐ.എം.ഡി പറയുന്നു. 50 വര്‍ഷത്തെ ശരാശരി മഴ 87 സെന്റീമീറ്ററെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും അഞ്ച് ശതമാനം കൂടുതലായിരിക്കും ഇത്തവണത്തെ പെയ്ത്ത്.

ശരിക്കുള്ള ധനമന്ത്രിയെത്തും

ഇക്കുറി സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന പ്രവചനം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്കും പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. നല്ല വിള കൊണ്ടുവരുമെന്നതിനാല്‍ മികച്ച കാലവര്‍ഷ മഴയെ ശരിക്കുള്ള ധനമന്ത്രിയെന്നാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ 45 ശതമാനം ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച മഴ ലഭിക്കുന്നത് മികച്ച വിള നല്‍കുന്നതിനൊപ്പം ആളുകളുടെ ചെലവഴിക്കല്‍ ശേഷിയും ഉയര്‍ത്തും. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കൂടുന്നതോടെ സ്മാര്‍ട്ട്‌ഫോണുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അടക്കം വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇത് സാമ്പത്തിക മേഖലക്ക് നേട്ടമാകും.

The southwest monsoon is expected to arrive in Kerala by May 27, 2025, marking the earliest onset since 2009, with above-normal rainfall predicted

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT