ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയന്‍ (മൗറീഷ്യസ്) ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികള്‍ ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡില്‍ നിന്നും സ്വന്തമാക്കി. സെപ്റ്റംബര്‍ രണ്ടിന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ 46.09 ലക്ഷം ഓഹരികള്‍ ഒന്നിന് 760 നിരക്കിലാണ് സ്വന്തമാക്കിയത്.
കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ ഏകദേശം 0.57% വരുമിത്. ഇതോടെ, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡില്‍ മൂപ്പന്‍ കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 24.58 ശതമാനം ആയി ഉയര്‍ന്നു.
2026 സെപ്റ്റംബര്‍ രണ്ടിന് നടന്ന ഇടപാടില്‍, ഓഹരിയൊന്നിന് 760 നിരക്കില്‍ ഏകദേശം 350.34 കോടിയുടെ ആകെ തുകയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. ഈ ഏറ്റെടുക്കല്‍ ഡോ. മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ കുടുംബത്തിന്റെ ഉടമസ്ഥാവകാശം കൂടുതല്‍ ശക്തിപ്പെടുത്തും.
ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ നിക്ഷേപം ടിപിജി ഗണ്യമായി കുറച്ചതിന് പിന്നാലെയാണ് ആസാദ് മൂപ്പന്‍ കുടുംബത്തിന്റെ ഓഹരി വാങ്ങല്‍. സെന്റല്ല മൗറീഷ്യസ് ഹോള്‍ഡിംഗ്സ് വഴി ഓഗസ്റ്റില്‍ കമ്പനിയുടെ 6.66 ശതമാനം ഓഹരികള്‍ ടിപിജി ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചിരുന്നു. 4,451 കോടിയുടേതായിരുന്നു ഇടപാട്. ഇതോടെ സെന്റല്ലയുടെ ഓഹരിപങ്കാളിത്തം 9.90 ശതമാനത്തില്‍നിന്ന് 3.24 ശതമാനമായി കുറഞ്ഞിരുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും ലയിച്ച സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസം പിന്നിടുന്നതിനിടെയാണ് ഓഹരി ഇടപാട്. ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍കെയര്‍ എന്നീ നാല് ആരോഗ്യപരിചരണ ബ്രാന്‍ഡുകളെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്നതാണ് ലയനം.
സംയുക്ത സ്ഥാപനത്തിന് 28 നഗരങ്ങളിലായി 39 ആശുപത്രികളും 10,000ലധികം കിടക്കകളുമുണ്ട്. പ്രമുഖ മെട്രോ നഗരങ്ങള്‍ക്കു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശേഷിയുള്ള വലിയ ആരോഗ്യപരിചരണ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine