News & Views

ആസ്ട്രസെനക്ക വാക്‌സിന്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചു; കാരണമിതാണ്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച നാല് കോവിഡ് വാക്‌സിനുകളില്‍ ഒന്നാണ് ആസ്ട്രസെനെക്ക ഓക്‌സ്‌ഫോര്‍ഡ് സര്‍കലാശാലയുമായി സഹകരിച്ച് നിര്‍മ്മിച്ച വാക്‌സിന്‍.

Dhanam News Desk

ആസ്ട്ര സെനെക്ക കോവിഡ് വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആഗോള തലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ വിതരണത്തിന് തിരിച്ചടിയായി ഇപ്പോള്‍ വാക്‌സിനേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള നടപടിയെടുത്തിരിക്കുകയാണ് നിരവധി രാജ്യങ്ങള്‍. ഡെന്‍മാര്‍ക്കും അയര്‍ലന്‍ഡുമുള്‍പ്പടെയുള്ള രാജ്യങ്ങളാണ് ആസ്ട്രസെനക്ക വാക്്‌സിനേഷന്‍ നിര്‍ത്തിവച്ചിട്ടുള്ളത്.

വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെങ്കിലും വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നമുണ്ടായെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്വീഡനും, ലാത്വിയയും ആസ്ട്രസെനക്ക നിരോധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വാക്്‌സിന്‍ വിതരണം നിര്‍ത്തിവച്ച രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലാന്‍ഡും നെതര്‍ലാന്‍ഡുമാണ്.

കര്‍ശനമായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു നെതര്‍ലന്‍ഡ് അറിയിച്ചത്.ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളും ആസ്ട്രസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച നാല് കോവിഡ് വാക്‌സിനുകളില്‍ ഒന്നാണ് ആസ്ട്രസെനെക്ക ഓക്‌സ്‌ഫോര്‍ഡ് സര്‍കലാശാലയുമായി സഹകരിച്ച് നിര്‍മ്മിച്ച വാക്‌സിന്‍.

സെറം ഇന്‍സ്റ്റ്യൂട്ടുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കോവിഷീള്‍ഡും ആസ്ട്രസെനക്കയുടെ സഹകരണത്തോടെയുള്ളതാണെന്നതിനാല്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്റെ ഉപയോഗം കൊണ്ട് യാതൊരുവിധേനയും രക്തം കട്ടപിടിക്കാനിടയില്ലെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ലോകാരോഗ്യ സംഘടനയും (WHO) പറയുന്നത്. അതിനാല്‍ ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ് തുടരാമെന്നും ഈ ഏജന്‍സികള്‍ ഉറപ്പു നല്‍കി.

ഡെന്‍മാര്‍ക്കിലാണ് ആദ്യം ആസ്ട്രസെനെക്ക വാക്‌സിന്‍ നിരോധിച്ചത്. വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് 10 ദിവസത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി. ഒരാള്‍ മരിക്കുകയും ചെയ്തു. പക്ഷെ മരണകാരണം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്നതിന് യാതൊരു തെളിവുമില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നോര്‍വേ, തായ്ലന്‍ഡ്, ഐസ്ലന്‍ഡ്, ബള്‍ഗേറിയ, കോംഗോ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്‌സിന് താല്‍ക്കാലിക നിയന്ത്രണമായി.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇക്കാര്യത്തില്‍ വിശദീകരണവുമായി വന്നിരുന്നു. ആസ്ട്രസെനെക വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെങ്കില്‍ അതിനെക്കാളേറെ പേര്‍ ഈ അവസ്ഥയില്‍ ചികിത്സയിലുണ്ടെന്ന് ഏജന്‍സി പറയുന്നു.

യൂറോപ്പില്‍ മാത്രം വിതരണം ചെയ്ത 17 ദശലക്ഷം ഡോസുകള്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT