ലോകമെമ്പാടും ചാനലുകള്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുവെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് മുക്കിലും മൂലയിലും എത്തിയതും ഓണ്‍ലൈന്‍ വിനോദ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവും ചാനലുകളില്‍ നിന്ന് പ്രേക്ഷകരെ പിന്തിരിപ്പിക്കുന്നു. കൃത്യസമയം നോക്കിയിരുന്ന് ചാനലില്‍ പ്രോഗ്രാം കാണുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ താഴേക്കാണ്. ഈ അവസരത്തിലാണ് മലയാളത്തിലേക്ക് കൂടുതല്‍ ന്യൂസ് ചാനലുകള്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
മലയാളത്തില്‍ നിലവില്‍ 9 മുഴുവന്‍ സമയ വാര്‍ത്ത ചാനലുകളുണ്ട്. കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലുള്ള മീഡിയ ഹൗസുകളായിരുന്നു മുമ്പ് ന്യൂസ് ചാനല്‍ രംഗത്തേക്ക് വന്നിരുന്നത്. എന്നാലിപ്പോള്‍ ട്രെന്റ് മാറി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സംരംഭകര്‍ കേരള മാര്‍ക്കറ്റിലേക്ക് കൂടുതലായി എത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ മുന്‍നിരയിലുള്ള ന്യൂസ് തമിഴ് 24X7 ചാനല്‍ ഗ്രൂപ്പ് കേരളത്തില്‍ ആരംഭിച്ച ന്യൂസ് മലയാളം ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ അടക്കം മികച്ച നേട്ടം കൊയ്യുന്നുണ്ട്. എസ്.പി.എല്‍.യു.എസ് മീഡിയ ലിമിറ്റഡാണ് ഈ ചാനല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥര്‍. ദീര്‍ഘകാല ലക്ഷ്യങ്ങളുമായാണ് ചാനല്‍ മുന്നോട്ടു പോകുന്നത്.
മലയാളത്തിലേക്ക് ഉടന്‍ എത്തുന്ന ചാനലുകളിലൊന്ന് ബിഗ് ടിവി ന്യൂസ് ആണ്. ആന്ധ്രയിലും തെലങ്കാനയിലും ന്യൂസ് ചാനലുള്ളതാണ് ബിഗ് ടിവി നെറ്റ്‌വര്‍ക്ക്. പ്രവാസ മീഡിയയാണ് ചാനലിന്റെ പ്രമോട്ടര്‍മാര്‍. അടുത്ത വര്‍ഷം തുടക്കത്തോടെ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് സൂചന. ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി ആസ്ഥാനമായാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റൊരു ചാനല്‍ എംഫൈവ് ന്യൂസ് ആണ്. 2025 പകുതിയോടെ ചാനല്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ 2026ലേക്ക് ചാനല്‍ ലോഞ്ചിംഗ് മാറ്റിയെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം.
അദാനി ഗ്രൂപ്പ് ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയ എന്‍ഡിടിവി (NDTV) മലയാളത്തിലും ചാനല്‍ ആരംഭിക്കുമെന്ന് മുമ്പ് വിവരമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ചാനലുകളുടെ റേറ്റിംഗ് അളക്കുന്ന ബാര്‍ക്കില്‍ ഈയാഴ്ച മുന്നിലെത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു കഴിഞ്ഞയാഴ്ച ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ രണ്ടാംസ്ഥാനം കൊണ്ട് റിപ്പോര്‍ട്ടിന് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാമത് 24 ന്യൂസാണ്.
മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ്മലയാളം 24X7, കൈരളി ടിവി, ജനംടിവി ചാനലുകളാണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍ നടക്കാനിരിക്കെയാണ് പുതിയ ന്യൂസ് ചാനലുകള്‍ എത്തുന്നുവെന്നത് ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine