News & Views

സ്വര്‍ണക്കടത്തില്‍ മുന്നില്‍ ചൈന്നൈ വിമാനത്താവളം; രണ്ടാമത് കോഴിക്കോട്

കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന ആറില്‍ നാല് വിമാനത്താവളങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍

Dhanam News Desk

രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനധികൃത സ്വര്‍ണക്കടത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍. വിമാനത്താവളങ്ങളില്‍ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്ക് പ്രകാരമാണിത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചതാണിത്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി കൂടുതല്‍ സ്വര്‍ണം കടത്തുന്ന വിമാനത്താവളങ്ങളുടെ പട്ടിക പുറത്തു വിട്ടത്. ചെന്നൈ എയര്‍പോര്‍ട്ടിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത്്. 130 കിലോഗ്രാം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 128 കിലോഗ്രാം സ്വര്‍ണമാണ്. ട്രിച്ചി, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് 78 കിലോഗ്രാം വീതം സ്വര്‍ണം പിടിച്ചെടുത്തു. മുംബൈയില്‍ നിന്ന് 31 കിലോയും കൊച്ചിയില്‍ നിന്ന് 62 കിലോ സ്വര്‍ണവും പിടികൂടി. മറ്റെല്ലാ വിമാനത്താവളങ്ങളിലും പിടികൂടിയ സ്വര്‍ണത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ട്രിച്ചിയില്‍ മാത്രം വര്‍ധിച്ചു. 76 ല്‍ നിന്ന് 78 കിലോഗ്രാമായി.

ചൈന്നൈ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 151 കിലോഗ്രാം സ്വര്‍ണമാണ്. 2019-20 വര്‍ഷം 392 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് മുടങ്ങിയതാണ് കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്ട് 2019-20 വര്‍ഷം 262 കിലോഗ്രാം സ്വര്‍ണം പിടികൂടിയപ്പോള്‍ കഴിഞ്ഞവര്‍ഷം 147 കിലോഗ്രാമായി കുറഞ്ഞിരുന്നു.

ദല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ സ്വര്‍ണക്കടത്തിലാണ് വലിയ കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് യഥാര്‍ക്രമം 494, 403 കിലോഗ്രാം കടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം യഥാക്രമം 88 ഉം 87 ഉം കിലോയായി കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT