Image: Canva 
News & Views

ഇൻഷുറൻസ് കമ്പനി പണി പറ്റിച്ചാൽ പരിവാഹൻ പണി തരും!

ബ്രാന്റ് ന്യൂ വാഹനങ്ങളെ അപേക്ഷിച്ച് പഴയ വാഹനങ്ങളാണ് ഈ കുരുക്കില്‍ പെട്ടുപോകുന്നതില്‍ അധികവും

Dhanam News Desk

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കിയാലും ഇത് പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തില്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഫൈന്‍ വീഴും. ഒറ്റപ്പെട്ടതെങ്കിലും കേരളത്തില്‍ പല സമയങ്ങളിലായി നിരവധി പേരാണ് അപ്‌ലോഡിംഗ് കുരുക്കില്‍ കുടങ്ങുന്നത്. മൂവായിരം രൂപ വരെ പിഴയൊടുക്കേണ്ടിയും വരും. സാങ്കേതിക തെറ്റിന് കാരണം ആരെന്ന് പോലും കണ്ടെത്താനാകാതെയാണ് വാഹന ഉടമകള്‍ പിഴയൊടുക്കേണ്ടി വരുന്നത്.

ഉത്തരവാദിത്വം ആരുടേത്?

വാഹനം പുതിയതായാലും പഴയതായാലും ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത് വാഹന ഉടമകളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ അത് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. അപ്പോള്‍ മാത്രമേ വാഹനത്തിന് ഇന്‍ഷുറന്‍സ് ഉള്ളതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിക്കൂ. അപ് ലോഡ് ആയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണക്കാക്കി ഫൈന്‍ ചുമത്തും. വാഹന ഉടമയുടെ കയ്യില്‍ ഇന്‍ഷുറന്‍സ് പോളിസി ഡോക്യുമെന്റ് ഉണ്ടെങ്കിലും ഫലമുണ്ടാവില്ല. ഇന്‍ഷുറന്‍സ് കമ്പനിയാണ് അപ് ലോഡിംഗ് നടത്തേണ്ടത്.

വില്ലന്‍ സാങ്കേതിക തകരാര്‍

പോളിസി അപ്‌ലോഡ് ചെയ്യുന്നതിന് പലപ്പോഴും തടസമാകുന്നത് സാങ്കേതിക തകരാറുകളാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡോക്യുമെന്റ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നത് ചിലപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ പരാജയപ്പെടും. വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാര്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്്നങ്ങള്‍ തുടങ്ങി കാരണങ്ങള്‍ പലതാണ്. അപ് ലോഡിംഗ് ദിവസങ്ങളോളം മുടങ്ങുന്ന സന്ദര്‍ഭങ്ങളുണ്ട്. ഈ സമയങ്ങളില്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയിട്ടില്ലെന്ന വിവരമാണ് സൈറ്റില്‍ കാണിക്കുക.

കുടുങ്ങുന്നത് ഏറെയും പഴയ വാഹനങ്ങള്‍

ബ്രാന്റ് ന്യു വാഹനങ്ങളെ അപേക്ഷിച്ച് പഴയ വാഹനങ്ങളാണ് ഈ കുരുക്കില്‍ പെട്ടുപോകുന്നതില്‍ അധികവും. ഷോറൂമില്‍ നിന്ന് ഇറക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സും റജിസ്ട്രേഷന്‍ വിവരങ്ങളും യഥാസമയം പരിവാഹനില്‍ അപ് ലോഡ് ചെയ്യാറുണ്ട്. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ വൈകുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ പ്രശ്്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഇന്‍ഷുറന്‍സ് കാലാവധി കഴിയുന്നതിന് തൊട്ടു മുമ്പുള്ള നാളുകളില്‍ പ്രീമിയം അടച്ചാല്‍ പോലും പരിവാഹനില്‍ പെട്ടെന്ന് അപ് ലോഡ് ആകണമെന്നില്ല. റീ റജിസ്ട്രേഷന്‍ ആവശ്യമുള്ള വാഹനങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നു.

ഉടമകള്‍ക്ക് ചെയ്യാനുള്ളത്

പ്രീമിയം അടച്ചിട്ടും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കുന്നത് ഒഴിവാക്കാന്‍ വാഹന ഉടമകള്‍ ജാഗ്രത പുലര്‍ത്തണം. പുതുക്കിയ ഇന്‍ഷുറന്‍സ് പരിവാഹനില്‍ അപ് ലോഡ് ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ കഴിയൂ. പ്രീമിയം അടക്കാന്‍ ഏജന്റുമാരെ ആശ്രയിക്കുന്നവര്‍ അപ് ലോഡ് നടക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. പോളിസി പുതുക്കാന്‍ അവസാന ദിവസം വരെ കാത്തിരിക്കുന്നതും ഒഴിവാക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT