Indian parliament image/ india.gov.in
News & Views

എം.പിമാരുടെ ശമ്പളം കൂട്ടി; പ്രതിമാസം 1.24 ലക്ഷം രൂപ; പെന്‍ഷനും കൂടും; ശമ്പള വര്‍ധന ഇങ്ങനെ

ശമ്പള വര്‍ധനക്ക് രണ്ട് വര്‍ഷത്തെ മുന്‍കാല പ്രാബല്യം

Dhanam News Desk

പാര്‍ലമെന്റ് അംഗങ്ങളുടെ മാസ ശമ്പളത്തില്‍ വന്‍ വര്‍ധന. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രാലയം അംഗീകാരം നല്‍കിയ പുതിയ ശമ്പള പട്ടിക അനുസരിച്ച് എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനമാണ് വര്‍ധന. നിലവിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയില്‍ നിന്ന് 1.24 ലക്ഷമായാണ് വര്‍ധിക്കുക.

പ്രതിദിന അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപയായും കൂട്ടി. ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവക്കുള്ള അലവന്‍സ് അധികമായി ലഭിക്കും. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. പുതിയ നിരക്കിലുള്ള ശമ്പളം ഏപ്രില്‍ മാസം മുതല്‍ നല്‍കും.

പെന്‍ഷന്‍ 6,000 രൂപ കൂടും

എംപിമാരുടെ പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രുപയായാണ് വര്‍ധിപ്പിച്ചത്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ എംപി സ്ഥാനത്ത് ഇരുന്നവര്‍ക്ക് ഓരോ വര്‍ഷത്തിനും അധികമായി നല്‍കുന്ന പെന്‍ഷന്‍ പ്രതിമാസം 2,000 രൂപയില്‍ നിന്ന് 2,500 രൂപയായും കൂട്ടി.

ഒരു എം.പിക്ക് മാസം എത്ര കിട്ടും?

ആദായ നികുതി നിയമത്തില്‍ പറയുന്ന പണപ്പെരുപ്പ മാനദണ്ഡങ്ങളും പാര്‍ലമെന്റ് ആക്ടിലെ ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ശമ്പള വര്‍ധന നടപ്പാക്കുന്നത്. എംപി മാര്‍ക്ക് ശമ്പളം, മണ്ഡല അലവന്‍സ്, ഓഫീസ് അലവന്‍സ് തുടങ്ങിയ ഇനങ്ങളിലാണ് പ്രതിമാസ ശമ്പളം നിശ്ചയിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ഒരു എം.പിക്ക് മാസം 2.54 ലക്ഷം രൂപയാണ് ലഭിക്കുക.

പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍ പ്രത്യേക അലവന്‍സും ലഭിക്കും. ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് 2018 ല്‍ ആണ്. അന്ന് മുതല്‍ എല്ലാ അഞ്ചു വര്‍ഷവും രാജ്യത്തെ പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള ശമ്പള വര്‍ധന നല്‍കാന്‍ തീരുമാനമെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT