മുങ്ങിയ കപ്പലില്‍ നിന്ന് കരക്കടിഞ്ഞ കണ്ടയ്നര്‍ സി.എം.എഫ്.ആര്‍.ഐ സംഘം പരിശോധിക്കുന്നു. 
News & Views

മുങ്ങിയ കപ്പലില്‍ നിന്നുള്ള മലിനീകരണം എത്ര? സി.എം.എഫ്.ആര്‍.ഐ പഠനം തുടങ്ങി; സാമ്പിളുകള്‍ ശേഖരിക്കുന്നത് നാല് ജില്ലകളില്‍; മീനുകളില്‍ പരിശോധന തുടങ്ങിയില്ല

എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്

Dhanam News Desk

കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) പഠനം തുടങ്ങി. കപ്പല്‍ അപകടം മൂലം കടല്‍ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ നാലംഗ സംഘങ്ങളാണ് വിവിധ ജില്ലകളില്‍ പഠനം നടത്തുന്നത്. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്ഥലങ്ങളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്.

എണ്ണ ചോര്‍ച്ചയും പരിശോധിക്കുന്നു

ഓക്‌സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോര്‍ച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നു. കടല്‍ സസ്യങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെന്‍തിക്) ശേഖരിച്ച് പരിശോധിച്ചു വരികയാണ്. നിശ്ചിത കാലയളവുകളില്‍ ഈ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും.

കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ കരക്കടിഞ്ഞ കൂറ്റന്‍ കണ്ടയ്‌നര്‍.

മീനുകളില്‍ പരിശോധന നടന്നില്ല

പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധനം സാധ്യമല്ലാത്തതിനാല്‍ മീനുകളില്‍ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. ഗവേഷണ കപ്പലുപയോഗിച്ച് കടലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥാ അനുകൂലമല്ലാത്തതിനാല്‍ തീരക്കടലുകളില്‍ നിന്ന് മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്. കാലാവസ്ഥ അനുകൂലമാകുന്നതോടെ, വരും ദിവസങ്ങളില്‍ ഈ പഠനവും നടത്തും. കടലിന്റെ അടിത്തട്ടിലെ ജീവികളെ ഗ്രാബ് ഉപയോഗിച്ച് ശേഖരിക്കും.

വിവിധ തരത്തിലുള്ള കടല്‍ മലിനീകരണം പഠന വിധേയമാക്കുമെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. തുടര്‍ പരിപാലന നടപടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, പഠന ഫലങ്ങള്‍ക്കനുസരിച്ച് വിവിധ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT