Image : Canva and Kerala Industries dept 
News & Views

പണം വൈകിയാല്‍ നടപടി കടുക്കും, 50% തുക മുതല്‍ TReDS വരെ പ്രധാന മാറ്റങ്ങള്‍; എംഎസ്എംഇ നിയമഭേദഗതിയിലെ മാറ്റങ്ങള്‍ നേട്ടമാകുമോ?

ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എംഎസ്എംഇകളുടെ എണ്ണം 1.65 കോടിയില്‍ നിന്ന് 9.16 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 40 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന കണ്ണിയാണ്.

Dhanam News Desk

രാജ്യത്തെ ചെറുകിട സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വൈകിയ പേയ്മെന്റുകള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് എംഎസ്എംഇ നിയമഭേദഗതി ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 2006ലെ എംഎസ്എംഇ ഡെവലപ്മെന്റ് ആക്ടിന്റെ 20-ാം വാര്‍ഷികത്തിലാണ് സുപ്രധാനമായ ഭേദഗതികള്‍ കൊണ്ടുവന്നത്. 'ദി മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഡെവലപ്മെന്റ് (അമെന്‍ഡ്മെന്റ്) ബില്‍ 2026' ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാനും സംരംഭകരുടെ പണമൊഴുക്ക് സുഗമമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

സംരംഭങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനൊപ്പം എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള പണം വൈകുന്നത് തടയുക, തര്‍ക്കപരിഹാരം വേഗത്തിലാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ നിയമപരമായ പിന്തുണ നല്‍കുക എന്നിവയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വൈകിയ പേയ്മെന്റിന് കര്‍ശന നടപടി

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വൈകിയ പേയ്മെന്റ്. ഈ പ്രശ്നത്തിന് കൂടുതല്‍ ശക്തമായ പരിഹാര സംവിധാനങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരാതികള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും തീര്‍പ്പാക്കുന്നതിനായി ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സംവിധാനം നടപ്പാക്കും. വിധിക്കെതിരായ അപ്പീലോ മറ്റ് നിയമനടപടികളോ ആറുമാസത്തിലേറെ നീളുകയാണെങ്കില്‍, വിധിച്ച തുകയുടെ കുറഞ്ഞത് 50 ശതമാനം എംഎസ്എംഇ സംരംഭകന് നല്‍കാന്‍ കോടതി ഉത്തരവിടുന്നതിനും വ്യവസ്ഥയുണ്ട്.

90 ദിവസത്തിനകം മധ്യസ്ഥത

തര്‍ക്കപരിഹാര നടപടികള്‍ക്കും വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ഹാജരാകല്‍ തീയതി മുതല്‍ 90 ദിവസത്തിനകം മധ്യസ്ഥത പൂര്‍ത്തിയാക്കണം. മധ്യസ്ഥത പരാജയപ്പെട്ടാല്‍ 30 ദിവസത്തിനകം കേസ് ആര്‍ബിട്രേഷനിലേക്ക് മാറ്റണം. വാദം പൂര്‍ത്തിയായ ശേഷം 90 ദിവസത്തിനകം അന്തിമ വിധി പ്രസ്താവിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.

കുടിശിക ഭൂനികുതി പോലെ ഈടാക്കാം

ഫെസിലിറ്റേഷന്‍ കൗണ്‍സിലോ മധ്യസ്ഥതാ സംവിധാനമോ പുറപ്പെടുവിക്കുന്ന ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ കുടിശിക തുക ഈടാക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറോ ഡെപ്യൂട്ടി കമ്മീഷണറോ മുഖേന കുടിശിക തുക ഈടാക്കാന്‍ സാധിക്കും. പേയ്മെന്റ് ലഭിക്കാതെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തേണ്ടിവരുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് TReDS നിര്‍ബന്ധം

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എംഎസ്എംഇകളില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ ഇന്‍വോയ്‌സ് പേയ്മെന്റുകള്‍ക്ക് Trade Receivables Discounting System (TReDS) ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും ഈ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവസരമുണ്ടാകും.

ട്രെഡ്‌സ് വഴി കൈമാറിയ ഇന്‍വോയ്‌സുകളുടെ മൂല്യം 2022-23ലെ ഏകദേശം 40,000 കോടിയില്‍ നിന്ന് 2025-26ല്‍ 3.47 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. എംഎസ്എംഇ രജിസ്‌ട്രേഷനുള്ള ഉദ്യം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സൗജന്യവും പൂര്‍ണമായും ഡിജിറ്റലുമായിരിക്കുമെന്നും നിയമഭേദഗതിയില്‍ പറയുന്നു.

ക്രിമിനല്‍ നടപടികള്‍ക്ക് പകരം പിഴ

ചില നിയമലംഘനങ്ങള്‍ക്കുള്ള ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി സിവില്‍ പിഴയിലേക്ക് മാറുന്നതാണ് മറ്റൊരു പ്രധാന പരിഷ്‌കാരം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ആവശ്യമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ ആദ്യ തവണ മുന്നറിയിപ്പ് നല്‍കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ മാത്രമാകും പിഴ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍. സംരംഭകര്‍ക്കിടയിലെ അനാവശ്യ ഭയം കുറയ്ക്കുകയും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എംഎസ്എംഇകള്‍ക്ക് നേട്ടമോ തിരിച്ചടിയോ?

പുതിയ ഭേദഗതി എംഎസ്എംഇ മേഖലയ്ക്ക് നേട്ടമാണെന്നാണ് പൊതുവിലയിരുത്തല്‍. ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വൈകിയ പേയ്മെന്റുകള്‍ക്കെതിരെ സമയപരിധിയോടെയുള്ള തര്‍ക്കപരിഹാരം, ആറുമാസത്തിലേറെ നീളുന്ന കേസുകളില്‍ വിധിച്ച തുകയുടെ കുറഞ്ഞത് 50 ശതമാനം ലഭ്യമാക്കാനുള്ള വ്യവസ്ഥ, കുടിശിക ഭൂനികുതി പോലെ ഈടാക്കാനുള്ള സംവിധാനം എന്നിവ സംരംഭകരുടെ പണം ദീര്‍ഘകാലം കുടുങ്ങിക്കിടക്കുന്ന സാഹചര്യം കുറയ്ക്കാന്‍ സഹായിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്‍വോയ്‌സ് സെറ്റില്‍മെന്റ് TReDS വഴി നടത്തണമെന്ന വ്യവസ്ഥയും എംഎസ്എംഇകളുടെ പണമൊഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കും.

അതേസമയം, ഭേദഗതി കൊണ്ടുമാത്രം ഈ മേഖലയുടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കില്ല. ഫെസിലിറ്റേഷന്‍ കൗണ്‍സിലുകളില്‍ ആവശ്യമായ ഉദ്യോഗസ്ഥരും സാങ്കേതിക സംവിധാനങ്ങളും ഇല്ലെങ്കില്‍ നിയമത്തില്‍ പറയുന്ന 90 ദിവസത്തെ സമയപരിധി പ്രായോഗികമായി പാലിക്കുന്നത് വെല്ലുവിളിയാകും. മാത്രമല്ല, TReDS നിര്‍ബന്ധമാക്കുന്നത് പ്രധാനമായും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. വലിയ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള വൈകിയ പേയ്മെന്റുകളും ചെറുകിട സംരംഭകര്‍ക്ക് പ്രധാന പ്രശ്നമായി തുടരും. ഇതില്‍ കൂടി പരിഹാരം ഉണ്ടായാല്‍ മാത്രമേ പൂര്‍ണതോതിലുള്ള ഗുണം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കൂ.

ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എംഎസ്എംഇകളുടെ എണ്ണം 1.65 കോടിയില്‍ നിന്ന് 9.16 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 40 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന കണ്ണിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT