കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും ഇന്ത്യയുടെ നൂറ്റാണ്ട് ആണെന്നും അവസരങ്ങളുടെ ലോകത്ത് മുന്നേറാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും വ്യക്തവും കൃത്യവുമായ ദീര്‍ഘവീക്ഷണം ഉണ്ടെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്താണ് മുകേഷ് അംബാനി ഭാവിയെപ്പറ്റി മനസുതുറന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ക്ലീന്‍ എനര്‍ജി, കണ്‍സ്യൂമര്‍ ബിസിനസ് എന്നിവയിലാണ് കമ്പനി ഭാവിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്ന സൂചനയും മുകേഷ് അംബാനി നല്കി. ജൂണ്‍ 19നാകും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം നടക്കുക. ഇത്തവണ ഡിവിഡന്റായി നല്കുക ഓഹരിയൊന്നിന് ആറുരൂപയാണ്. ജൂണ്‍ 5 ആണ് റെക്കോഡ് തിയതി.
ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വലിയൊരു മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വ്യവസായങ്ങള്‍, സാങ്കേതികവിദ്യകള്‍, രാജ്യങ്ങള്‍ എന്നിവ തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാറ്റിമറിക്കപ്പെടുകയാണ്. ഡാറ്റയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അസാധാരണമായ വളര്‍ച്ച ആധുനിക ലോകത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുകയാണെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയ്ക്കാണ് അംബാനി തന്റെ അഭിസംബോധനയില്‍ വലിയ പ്രാധാന്യം നല്‍കിയത്. ഇന്ത്യയില്‍ തദ്ദേശീയമായ എഐ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റിലയന്‍സ് ഇന്റലിജന്‍സ്' അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ചുരുക്കം ചില ആളുകളുടെ കൈകളില്‍ മാത്രം ഒതുങ്ങാതെ എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത എഐ ഇന്‍ഫ്രാസ്ട്രക്ചറുകളും പ്ലാറ്റ്ഫോമുകളും കമ്പനി നിര്‍മിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗ കോംപ്ലക്‌സ് ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ മാറ്റത്തിലേക്കുള്ള റിലയന്‍സിന്റെ സംഭാവയെന്നാണ് അംബാനി വിശേഷിപ്പിച്ചത്. വെറുമൊരു ആഗോള മുന്‍നിര കമ്പനിയാവുക എന്നതല്ല റിലയന്‍സിന്റെ ലക്ഷ്യമെന്നും, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വളര്‍ച്ചയിലൂടെ രാജ്യത്തിന് കൂടുതല്‍ സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്ന് അംബാനി വ്യക്തമാക്കുന്നു.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 1,057,219 കോടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം. ലാഭം മുന്‍വര്‍ഷത്തെ 81,309 കോടി രൂപയില്‍ നിന്ന് 95,754 കോടി രൂപയായും ഉയര്‍ന്നു. നിക്ഷേപകലോകം കാത്തിരിക്കുന്ന റിലയന്‍സ് ജിയോയുടെ പ്രാഥമിക ഓഹരി വില്പന ഈ സാമ്പത്തികവര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine