സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ നഗരങ്ങള്‍ ഏതെല്ലാമാണ്? ദേശീയ വനിതാ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ മുംബൈയും കൊഹിമയുമാണ് മുന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. സര്‍വെയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ തയ്യാറാക്കിയ നാരി-2025 റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത്.
രാജ്യത്തെ 31 നഗരങ്ങളിലായി 12,770 സ്ത്രീകളാണ് സര്‍വെയില്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടിനെ കുറിച്ച് വിശദീകരിച്ച ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ കെ.രഹത്കര്‍ പറഞ്ഞു. മുംബൈ, കൊഹിമ, വിശാഖപട്ടണം, ഭുവനേശ്വര്‍, ഐസ്വാള്‍, ഗാംഗ്‌ടോക്, ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകളാണ് കൂടുതല്‍ സുരക്ഷിതരാണെന്ന് പ്രതികരിച്ചത്. അതേസമയം, സര്‍വെയുടെ മൊത്തം ഫലം ആശാവഹമല്ല. സര്‍വെയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേരും സ്വന്തം നഗരത്തില്‍ സുരക്ഷിതത്വമില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. രാത്രി കാലങ്ങളില്‍ സുരക്ഷതത്വം കുറവാണെന്നാണ് അധിക പേരും പ്രതികരിച്ചത്. പകല്‍ സമയങ്ങളില്‍ സുരക്ഷയെ കുറിച്ച് ഭയപ്പെടുന്നില്ലെന്ന് 86 ശതമാനം പേര്‍ പറഞ്ഞു. സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണ് ഇവരില്‍ അധികവും. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ ആത്മവിശ്വാസമില്ലെന്ന് ഭൂരിഭാഗവും വ്യക്തമാക്കി. പൊതു യാത്രാ സംവിധാനങ്ങളുടെ കുറവ്, തെരുവുകളിലെ സുരക്ഷക്കുറവ്, പ്രാദേശിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷക്കുറവ് എന്നിവ പ്രത്യേകം എടുത്തു പറഞ്ഞ കാരണങ്ങളാണ്.
സ്ത്രീ സുരക്ഷ ഏറ്റവും കുറഞ്ഞ നഗരങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി മുന്നിലുണ്ട്. കൊല്‍ക്കത്ത, ഡല്‍ഹി, റാഞ്ചി, ശ്രീനഗര്‍, ഫരീദാബാദ്, പാറ്റ്‌ന, ജയ്പൂര്‍ എന്നീ നഗരങ്ങളിലുള്ള സ്ത്രീകളാണ് സുരക്ഷയെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെട്ടത്.
അക്രമങ്ങളെ കുറിച്ച് മൂന്നില്‍ രണ്ട് സ്ത്രീകളും പുറത്തു പറയുന്നില്ലെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഇത് ദേശീയ സ്ഥിതിവിവര കണക്കുകളെ ബാധിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഹെല്‍പ് ലൈനുകള്‍, സിസിടിവികള്‍, വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലുണ്ടായ വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine