News & Views

93-ാം വയസിൽ മർഡോക്കിന്റെ നിയമ പോരാട്ടം; മക്കളോട്

മാധ്യമ ലോകത്തെ അതികായനായ മർഡോക്ക് മൂന്നു മക്കളെ ഒതുക്കാനുള്ള നീക്കത്തിൽ

Dhanam News Desk

മാധ്യമ വ്യവസായ ലോകത്തെ അതികായനായ റൂപെർട്ട് മർഡോക്ക് 93-ാം വയസിൽ മക്കളുമായി നിയമ പോരാട്ടത്തിൽ. താൻ വളത്തിയെടുത്ത മാധ്യമ സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ച തർക്കമാണ് നിയമയുദ്ധത്തിന് വഴി തുറന്നത്. നിരവധിയായ ടെലിവിഷൻ ശൃംഖലകളും പത്രങ്ങളുടെയും ഉടമയെന്ന നിലയിൽ തന്റെ പിന്തുടർച്ചാവകാശിയായി മൂത്ത മകൻ ലാച്ച്‍ലനെ നിശ്ചയിച്ച തീരുമാനത്തിന് എതിരു നിൽക്കുന്ന മറ്റു മൂന്നു മക്കളോടാണ് പോരാട്ടം.

മർഡോക്ക് കുടുംബ ട്രസ്റ്റിൽ ലാച്ച്‍ലനുള്ള വോട്ടവകാശം വിപുലപ്പെടുത്താൻ ശ്രമിക്കുകയാണ് പിതാവ്. അതുവഴി ട്രസ്റ്റിൽ മൂത്ത മകന് ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാൽ മറ്റു മൂന്നു മക്കൾ ലാച്ച്‍ലനെ ചോദ്യം ചെയ്യി​ല്ലെന്നും മർഡോക്ക് കണക്കു കൂട്ടുന്നു. ഇതിനായുള്ള ​കടലാസുകൾ മർഡോക്ക് കോടതിക്ക് കൈമാറിയിട്ടുണ്ട്.

പ്രിയം മൂത്ത മകനോട്, പോര് നയത്തിന്റെ പേരിൽ

മർഡോക്ക് കുടുംബ ട്രസ്റ്റിന്റെ വ്യവസ്ഥ പ്രകാരം ലാച്ച്‍ലനു പുറമെ മറ്റു മക്കളായ ജെയിംസ്, എലിസബത്ത്, പ്രൂഡൻസ് എന്നിവർക്കും കമ്പനി നടത്തിപ്പിൽ ഇടപെടാൻ തുല്യാവകാശമുണ്ട്. ഈ മൂന്നു മക്കളുടെയും നയനിലപാടുകൾ താൻ പിന്തുടർന്നു വന്നതിൽ നിന്ന് ഭിന്നമാണെന്ന് റൂപെർട്ട് മർഡോക്ക് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ​ട്രസ്റ്റിന്റെ നിലവിലെ നിയമാവലി തിരുത്താൻ ഇറങ്ങിയിരിക്കുന്നത്.

പ്രായമായതിനാൽ മർഡോക്ക് ഔദ്യോഗിക ചുമതലകൾ ലാച്ച്‍ലനെ ഏൽപിച്ചു. അമേരിക്കൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പല വ്യാജവാർത്തകളും ലാച്ച്‍ലന്റെ സഹോദരൻ ജെയിംസ് തുറന്നു കാണിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് നിലവിലെ നയത്തെ ബാധിക്കാത്ത വിധം ബദൽ വഴി മർഡോക്ക് തേടുന്നത്. കുടുംബ ട്രസ്റ്റിനു കീഴിലുള്ള സ്വത്തിന്റെ മൂല്യം ഉയർത്തുന്നതിന് നിയമാവലി മാറ്റാമെന്നൊരു അധികാരം മർഡോക്കിന് ഉള്ളതായി പറയുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ നീക്കം.

ഫോക്സ് ന്യൂസ്, ഫോക്സ് കോർപറേഷൻ, ന്യൂസ് കോർപറേഷൻ, വാൾസ്ട്രീറ്റ് ജേർണൽ, ദി ന്യൂയോർക്ക് പോസ്റ്റ്, ദ ​ഓസ്ട്രേലിയൻ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് ഓസ്ട്രേലിയൻ-അമേരിക്കൻ വ്യവസായിയായ റൂപെർട്ട് മർഡോക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT