canva, Airtel , spaceX
News & Views

അംബാനിയെ ഞെട്ടിച്ച് എയര്‍ടെല്‍; മസ്‌കുമായി കരാര്‍, സ്റ്റാര്‍ ലിങ്കിന്റെ ഇന്റര്‍നെറ്റ് വിപ്ലവം ഇന്ത്യയിലേക്ക്; തിരിച്ചടി മറികടക്കാന്‍ ജിയോക്ക് കഴിയുമോ?

സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടെലികോം കമ്പനികളുമായി തര്‍ക്കം നിലനില്‍ക്കെയാണ് നിര്‍ണായക കരാര്‍

Dhanam News Desk

ഉപഗ്രാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനദാതാവായ സ്‌പേസ്എക്‌സ് ഇന്ത്യയിലേക്ക്. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലുമായി ഇതുസംബന്ധിച്ച കരാറൊപ്പിട്ടു. എയര്‍ടെല്‍ ഓഹരി വിപണിയെ അറിയിച്ചതാണ് ഇക്കാര്യം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്‌പേസ് എക്‌സ്. അടുത്തിടെ യു.എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

അതിവേഗ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെക്കാലമായി ഇലോണ്‍ മസ്‌ക് ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള തര്‍ക്കങ്ങള്‍ ഇതിന് തടസമായിരുന്നു. ഇന്റര്‍നെറ്റ് സ്‌പെക്ട്രം ലേലം ചെയ്യണമെന്നായിരുന്നു ജിയോയുടെ ആവശ്യം. ലേലം ചെയ്യേണ്ടതില്ലെന്നും സ്‌പെക്ട്രം ഓരോ കമ്പനിക്കുമായി അനുവദിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്‌പേസ് എക്‌സിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്ലും വ്യക്തമാക്കി.

സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ എയര്‍ടെല്‍ ഷോറൂമുകള്‍ വഴി

ഇരുകമ്പനികളും പരസ്പര സഹകരണത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ എയര്‍ടെല്ലിന്റെ സ്റ്റോറുകള്‍ വഴി വില്‍ക്കും. ബിസിനസ് ഉപയോക്താക്കള്‍ക്ക് പുറമെ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിദൂര സ്ഥലങ്ങള്‍ എന്നിവിടങ്ങിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കും. രാജ്യത്തെ എയര്‍ടെല്‍ ശൃംഖല വിപുലീകരിക്കാനുള്ള സാധ്യതയും സ്റ്റാര്‍ലിങ്കുമായി ചേര്‍ന്ന് പരിശോധിക്കും. നിലവില്‍ എയര്‍ടെല്ലിന് രാജ്യത്തുള്ള നെറ്റ്‌വര്‍ക്ക് ശൃംഖല അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റാര്‍ലിങ്കും ഉപയോഗിക്കും.

ഇന്ത്യയിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നല്‍കാനുള്ള തീരുമാനം കമ്പനിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എയര്‍ടെല്‍ എം.ഡിയും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിദൂരമായ പ്രദേശത്ത് പോലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടെലികോം ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള എയര്‍ടെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മികച്ച അംഗീകാരമായി കാണുന്നുവെന്ന് സ്‌പേസ്എക്‌സ് സി.ഇ.ഒ ഗൈ്വന്‍ ഷോട്ട്‌വെല്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT