ലോകകോടീശ്വരന്മാരായ ഇലോണ്‍ മസ്‌കും ബില്‍ ഗേറ്റ്‌സും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. ടെസ്ലയുടെ (Tesla) ഓഹരി വിപണിയിലെ തകര്‍ച്ച ലക്ഷ്യമിട്ട് ബില്‍ ഗേറ്റ്‌സ് നടത്തിയ നീക്കങ്ങളെ പരിഹസിച്ചുകൊണ്ട് 'കര്‍മ്മം യാഥാര്‍ത്ഥ്യമാണ്' (Karma is real) എന്ന മസ്‌കിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
എക്‌സിലെ (X) ഒരു ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്‌കിന്റെ ഈ നിഗൂഢമായ പ്രതികരണം. എപ്‌സിറ്റിന്‍ കേസില്‍ ബില്‍ഗേറ്റ്‌സ് മാപ്പ് ചോദിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഉപയോക്താവിന്റെ എക്‌സ്‌പോസ്റ്റ്. ടെസ്ലയുടെ ഓഹരി വില ഇടിയുമെന്ന് പ്രവചിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് (Short sellers) അത്ര നല്ലൊരു ധാര്‍മ്മികബോധം (Moral compass) ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉപയോക്താവ് പോസ്റ്റ് പങ്കുവച്ചത്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നതില്‍ ബില്‍ ഗേറ്റ്‌സ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ജീവനക്കാരോട് മാപ്പ് ചോദിച്ചിരുന്നു. കൂടാതെ, തനിക്ക് രണ്ട് റഷ്യന്‍ യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് സമ്മതിച്ചതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എപ്‌സിറ്റീന്‍ ഇരകളായ പെണ്‍കുട്ടികളുമായും ബന്ധമുണ്ടായിട്ടില്ലെന്നും പറഞ്ഞു. യു.എസ് സര്‍ക്കാരിന്റെ എപ്സ്റ്റിന്‍ രേഖകളില്‍ യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ബില്‍ഗേറ്റ്‌സിന്റെ ചിത്രവുമുണ്ടായിരുന്നു. ഇത് എപ്സ്റ്റീന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്നും എക്സ്റ്റീന്റെ കുപ്രസിദ്ധമായ ദ്വീപ് സന്ദര്‍ശിച്ചിട്ടില്ലെന്നും ഗെയ്റ്റ്‌സ് വ്യക്തമാക്കി.
ടെസ്ലയുടെ ഓഹരി വില ഇടിയുമെന്ന് പ്രവചിച്ച് ബില്‍ ഗേറ്റ്‌സ് കോടിക്കണക്കിന് ഡോളര്‍ പണയപ്പെടുത്തിയതാണ് (Short selling) മസ്‌കിനെ ചൊടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദമായ ടെസ്ലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗേറ്റ്‌സ് എങ്ങനെയാണ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് എന്ന് മസ്‌ക് നേരത്തെ ചോദിച്ചിരുന്നു.
ടെസ്‌ല പ്രതിസന്ധിയിലായിരുന്ന ഒരു ഘട്ടത്തിൽ, കമ്പനിയുടെ തകർച്ച ലക്ഷ്യമിട്ടാണ് ബിൽ ഗേറ്റ്സ് വൻതുക പണയപ്പെടുത്തിയിരുന്നതായതെന്നാണ് (Short bet) മസ്ക് മസ്‌ക് ആരോപിക്കുന്നത്. ഇത്രയും വലിയ തോതിലുള്ള 'ഷോർട്ട് പൊസിഷനുകൾ' ഓഹരി വില ഇടിയാൻ കാരണമാകുമെന്നും, ഇത് സാധാരണക്കാരായ നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ടെസ്ലയുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഗേറ്റ്‌സിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ സൂചിപ്പിച്ചാണ് 'കര്‍മ്മ ഫലം' എന്ന പരോക്ഷമായ പരിഹാസം മസ്‌ക് ഉന്നയിച്ചത്.
മസ്‌കും ഗേറ്റ്‌സും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കോവിഡ് വാക്‌സിന്‍, ബഹിരാകാശ ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും പരസ്യമായി കൊമ്പുകോര്‍ത്തിട്ടുണ്ട്. എന്നാല്‍ ടെസ്ലയുടെ ബിസിനസിനെ ബാധിക്കുന്ന തരത്തിലുള്ള ഗേറ്റ്‌സിന്റെ സാമ്പത്തിക നീക്കങ്ങളാണ് മസ്‌കിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ ഇവരുടെ ഓരോ വാക്കുകളും ആഗോള ഓഹരി വിപണിയെയും ടെക് ലോകത്തെയും കാര്യമായി ബാധിക്കാറുണ്ട്. ഗേറ്റ്‌സിനെതിരെയുള്ള മസ്‌കിന്റെ പുതിയ നീക്കം ടെസ്ല നിക്ഷേപകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മസ്‌കിന്റെ ഈ 'കര്‍മ്മ' പോസ്റ്റ് വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് വഴിമാറുമോ എന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine