mutual funds witness growth in kerala Image by Canva
News & Views

കേരളത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കുതിപ്പ്; അഞ്ചു വര്‍ഷത്തിനിടെ വളര്‍ന്നത് 155 ശതമാനം; ആന്ധ്രയോട് കിടപിടിക്കുന്ന ആസ്തി മൂല്യം

കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച 39.21 ശതമാനം; തെക്കേ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം കര്‍ണാടകയില്‍

Dhanam News Desk

കേരളത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളോട് ജനങ്ങള്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നതായി കണക്കുകള്‍. ദേശീയ ശരാശരിയില്‍ ഏറെ പിന്നിലാണെങ്കിലും, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ മ്യുച്വല്‍ ഫണ്ടുകള്‍ 155.76 ശതമാനത്തിന്റെ വളര്‍ച്ച നേടി. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രപ്രദേശിനൊപ്പം നില്‍ക്കുന്നതാണ് കേരളത്തിന്റെ ആസ്തിമൂല്യം. ഐസിആര്‍എ അനലറ്റിക്‌സിന്റെ പുതിയ കണക്കുകളാണ് വിവിധ സംസ്ഥാനങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ തോത് വിലയിരുത്തുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയിലും കേരളത്തിന്റെ അനുപാതം താഴെയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം നിക്ഷേപ വളര്‍ച്ച നേടിയത് കേരളമാണ്. 39.21 ശതമാനം. 2021 നും 2025 ജനുവരിക്കും ഇടയിലാണ് കേരളത്തിന് 155.76 ശതമാനത്തിന്റെ കുതിപ്പുണ്ടായത്.

തെന്നിന്ത്യയില്‍ മുന്നില്‍ കര്‍ണാടക

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് അസറ്റ് വാല്യുവില്‍ മുന്നിലുള്ളത് കര്‍ണാടകയാണ്. 4.72 ലക്ഷം കോടി ആസ്തിയുള്ള കര്‍ണാടക വിപണിക്ക് ദേശീയ തലത്തില്‍ 6.94 ശതമാനം പങ്കാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 3.13 ലക്ഷം കോടിയാണ് അസറ്റ് വാല്യു (4.59 ശതമാനം). തെലങ്കാന(1.17 ലക്ഷം കോടി, 1.72 ശതമാനം), ആന്ധ്രപ്രദേശ് (86,076.8 കോടി, 1.26 ശതമാനം) എന്നിവരാണ് പിന്നിലുള്ളത്. ദേശീയ തലത്തിലെ നിക്ഷേപത്തിന്റെ 1.26 ശതമാനം പങ്കുള്ള കേരളത്തില്‍ 85,501 കോടിയാണ് അസറ്റ് വാല്യു. 2025 ജനുവരിയില്‍ രാജ്യത്തെ മൊത്തം മ്യൂച്വല്‍ ഫണ്ട് അസറ്റ് വാല്യു 68.05 ലക്ഷം കോടിയാണ്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്ക് 15.78 ശതമാനം. 2025 ജനുവരിയിലെ കണക്കുകള്‍ പ്രകാരം ഇത് 10.74 ലക്ഷം കോടിയാണ്. നിക്ഷേപങ്ങളില്‍ കുതിപ്പ് തുടരുന്ന മഹാരാഷ്ടയില്‍ 27.47 ലക്ഷം കോടിയുണ്ട് (39.08 ശതമാനം).

പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്ന് മാറ്റം

കേരളത്തില്‍ പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നുള്ള മാറ്റമാണ് മൂച്വല്‍ ഫണ്ട് കണക്കുകളില്‍ തെളിയുന്നത്. ''തെക്കന്‍ സംസ്ഥാനങ്ങളിലെ നിക്ഷേപകര്‍ പലപ്പോഴും ഫിക്‌സഡ് ഡിപ്പോസിറ്റ്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവ പോലുള്ള പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളാണ് മുന്‍ഗണന നല്‍കുന്നത്. സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കണക്കാക്കപ്പെടുന്നു. നഗരവത്കരണം, സാമ്പത്തിക വളര്‍ച്ച എന്നിവയാല്‍ വാസസ്ഥലങ്ങളുടെ ആവശ്യകത ശക്തമാണ്. അതേസമയം, ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപം ചെയ്യുന്നതില്‍ വര്‍ദ്ധിച്ചുവരുന്ന താത്പര്യവും ധനപരമായ അവബോധവും ഇവിടങ്ങളില്‍ ഉയരുന്നുണ്ട്,'' ഐസിആര്‍എ അനലിറ്റിക്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റ് ഡാറ്റ വിഭാഗത്തിന്റെ തലവനുമായ അശ്വിനി കുമാര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT