ഗതാഗത നിയമലംഘനങ്ങൾ തടയാൻ പാതയോരങ്ങളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകള്‍ 2023 ജൂണിലാണ് എം.വി.ഡി സ്ഥാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ചെറിയൊരു കാലയളവില്‍ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടെങ്കിലും ഇപ്പോള്‍ സജീവമായി മുന്നോട്ടു പോകുകയാണ് എഐ ക്യാമറകള്‍. പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 98 ലക്ഷം നിയമലംഘകരെയാണ് എ.ഐ ക്യാമറകള്‍ പിടികൂടിയത്.
ക്യാമറകൾ സ്ഥാപിച്ചതിനുശേഷം വിവിധ നിയമലംഘനങ്ങള്‍ക്കായി മോട്ടോർ വാഹന വകുപ്പ് ഇതുവരെ 400 കോടിയിലധികം രൂപ പിഴയായി പിരിച്ചെടുത്തു. 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 230 കോടി രൂപ ചെലവിൽ കേരളത്തിലെ പ്രധാന ട്രാഫിക് ഹോട്ട്‌സ്‌പോട്ടുകളിലായി 726 ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്.
AI ക്യാമറകൾ സ്ഥാപിച്ചതിനുശേഷം ഇതുവരെ 631 കോടി രൂപയാണ് പിഴയായി ചുമത്തിയത്. ഇതിൽ 400 കോടി രൂപയോളം പിരിച്ചെടുത്തു. 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എ.ഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്കുളള പിഴ 273 കോടി രൂപയാണ്. ഇതിൽ 150 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ട്.
എ.ഐ ക്യാമറകള്‍ കണ്ടെത്തിയ നിയമ ലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ്. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേര്‍ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങളും കൂടുതലായി കാണപ്പെടുന്നു.
നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ തങ്ങള്‍ നിരീക്ഷണത്തിലാണെന്ന വസ്തുത ആളുകൾക്ക് ബോധ്യമുണ്ട്. ഇത് നിയമങ്ങൾ കൂടുതൽ ശ്രദ്ധയോടെ പാലിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine