Image Courtesy: Canva 
News & Views

കെ.എല്‍-90 കേരളം, കെ.എല്‍-90 എ കേന്ദ്രം, കെ.എല്‍-90 ബി പഞ്ചായത്ത്... സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ കൊണ്ടുവരാന്‍ വാഹന വകുപ്പ്, വേറെയുമുണ്ട് പരിഷ്‌കാരങ്ങള്‍

സർക്കാർ വാഹനങ്ങൾ പുതിയ രജിസ്ട്രേഷൻ നമ്പർ സംവിധാനത്തിലേക്ക് മാറ്റുന്നു

Dhanam News Desk

ഏകീകൃത കൗണ്ടർ സംവിധാനം ആരംഭിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഫയൽ പ്രോസസിംഗ് വേഗത്തിലാക്കാനും അഴിമതിരഹിതമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. അപേക്ഷകൾ ഏത് ആർ.ടി.ഒ യില്‍ സമർപ്പിച്ചാലും ഫയലുകൾ മോട്ടോർ വാഹന വകുപ്പിനുളളില്‍ തുല്യമായി വിതരണം ചെയ്യുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിലൂടെ എറണാകുളം ആർ.ടി.ഒ.യിൽ നൽകുന്ന അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥന് പ്രോസസ് ചെയ്യാന്‍ സാധിക്കും. ഫയലുകൾ തുല്യമായി വിതരണം ചെയ്യന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഉദ്യോഗസ്ഥരുടെ കുറവ് നേരിടുന്ന ഓഫീസുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ ഒരു ഉദ്യോഗസ്ഥൻ ഒരു ഫയൽ തീര്‍പ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

503 പുതിയ റൂട്ടുകളില്‍ സ്വകാര്യ ബസ് പെർമിറ്റ് താമസിയാതെ മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്നതാണ്. എംഎൽഎ മാർ നിർദ്ദേശിച്ച ഗ്രാമപ്രദേശങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗവും.

സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പര്‍

സർക്കാർ വാഹനങ്ങൾ പുതിയ രജിസ്ട്രേഷൻ നമ്പർ സംവിധാനത്തിലേക്ക് മാറ്റുകയാണ്. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് KL-90, കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL-90 A, തദ്ദേശ സ്വയംഭരണ വാഹനങ്ങൾക്ക് KL-90 B, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുടെ വാഹനങ്ങൾക്ക് KL-90 BC എന്നിങ്ങനെയാണ് പുതിയ നമ്പർ നല്‍കുക. എല്ലാ പുതിയ വാഹനങ്ങളും പുതിയ നമ്പറിൽ രജിസ്റ്റർ ചെയ്യും, നിലവിലുള്ളവ ഉടനെ പുതിയ രജിസ്ട്രേഷൻ സംവിധാനത്തിലേക്കും മാറ്റും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT