സംസ്ഥാനത്ത് നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുകയും മറയ്ക്കുകയും ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നു. നമ്പര്‍ പ്ലേറ്റുകൾ മറയ്ക്കുന്ന ക്രാഷ് ഗാർഡുകൾ ഘടിപ്പിച്ച ചരക്ക് ട്രക്കുകൾ നിരത്തിലിറങ്ങുന്നത് വര്‍ധിച്ചു വരികയാണ്.
ചെളിയിൽ പൊതിഞ്ഞ പ്ലേറ്റുകളുള്ള ടിപ്പർ ട്രക്കുകളും ടോറസ് ലോറികളും കണ്ടു വരുന്നുണ്ട്. മാത്രവുമല്ല മടക്കിയതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളുള്ള ന്യൂ ജനറേഷന്‍ ബൈക്കുകൾ റോഡുകളില്‍ ചീറിപ്പായുന്നതും കൂടുന്നുണ്ട്.
പല വാഹനങ്ങളിലും കേടുപാടുകൾ വരുത്തിയതോ സ്ക്രാച്ച് ചെയ്തതോ ആയ നമ്പര്‍ പ്ലേറ്റുകള്‍ കാണുന്നതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇവരെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുന്ന നിറഞ്ഞ പ്രക്രിയയായിരിക്കുകയാണ്.
ഒളിഞ്ഞിരിക്കുന്നതോ വായിക്കാൻ കഴിയാത്തതോ ആയ നമ്പർ പ്ലേറ്റുകൾ ഉളളതിനാല്‍ നിയമ ലംഘനങ്ങള്‍ നടത്തുമ്പോള്‍ റോഡുകളിലുളള ക്യാമറകൾക്ക് ഈ വാഹനങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.
വലിയ വാഹനങ്ങള്‍ക്ക് വശങ്ങളില്‍ നമ്പര്‍ പ്ലേറ്റുകൾ ഉണ്ടെങ്കിലും, അവ പലപ്പോഴും ടാർപോളിന്‍ ഷീറ്റുകൊണ്ട് മറയ്ക്കപ്പെടുന്നതായും കാണുന്നു. പിക്കപ്പ് വാനുകളില്‍ ഇത്തരം പ്രശ്നം സാധാരണമായിരിക്കുകയാണ്.
കേരള എംവിഡിയും പൊലീസും സ്ഥാപിച്ച ക്യാമറകളിൽ നിയമലംഘനങ്ങൾ പതിവായി രേഖപ്പെടുത്താറുണ്ടെങ്കിലും വാഹന ഉടമകളെ തിരിച്ചറിയാനോ നിയമനടപടികൾ സ്വീകരിക്കാനോ പലപ്പോഴും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇത്തരം വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതായും എം.വി.ഡി അധികൃതര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ പലപ്പോഴും പിന്തുടര്‍ന്ന് പിടിക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും ഉദ്യോഗസ്ഥര്‍ സിവിൽ വേഷങ്ങളിലോ മഫ്തി വേഷങ്ങളിലോ ഈ വാഹനങ്ങളെ പിന്തുടര്‍ന്ന്, ഇത്തരം വാഹനങ്ങള്‍ എവിടെയെങ്കിലും നിർത്തുമ്പോൾ പിടി കൂടുകയാണ് ചെയ്യുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത വാഹനം പിടിക്കപ്പെട്ടാൽ എം.വി.ഡി കേസ് നേരിട്ട് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കോടതി പിഴ ചുമത്തിയ ശേഷം മാത്രമാണ് വാഹനം വിട്ടുനൽകുക. നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് 5000 രൂപ വരെ പിഴ ചുമത്തുന്നതാണ്.
ഹിറ്റ് ആന്റ് റൺ സംഭവങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി എല്ലാ വാഹനങ്ങൾക്കും മുൻവശത്തും പിൻഭാഗത്തും നിശ്ചിത വലുപ്പത്തിൽ നമ്പർ പ്ലേറ്റുകള്‍ പ്രദർശിപ്പിക്കണമെന്നാണ് മോട്ടോര്‍വാഹന നിയമം വ്യക്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine