Image courtesy: Canva
News & Views

വായനക്കാർക്കായി വീട്ടുപടിക്കൽ പുസ്തകങ്ങൾ; കൊച്ചിയിൽ ശ്രദ്ധ നേടി ‘മൈ ലൈബ്രറി’യുടെ വേറിട്ട വായനാ പ്രസ്ഥാനം

വായനയിലൂടെ വളര്‍ന്നൊരാള്‍ വായന പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തിനായി സൃഷ്ടിച്ചിരിക്കുന്നു, വേറിട്ടൊരു ആശയം

Dhanam News Desk

'മനസിന്റെ മരുന്നാണ് പുസ്തകങ്ങള്‍' പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോയുടെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. പുതുകാലത്തെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കാണാന്‍ വായനക്ക് സാധിക്കും. വായനയിലൂടെ വളര്‍ന്ന, വായന ജീവിതം തന്നെയാക്കിയ ഒരു ബിസിനസുകാരന്‍, താന്‍ ജനിച്ചുവളര്‍ന്ന സമൂഹത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കാന്‍ അവതരിപ്പിച്ചിരിക്കുന്നത് വേറിട്ടൊരു ആശയം. കൊച്ചിയിലെ കലൂരില്‍ തുടക്കമിട്ടിരിക്കുന്ന മൈ ലൈബ്രറി എന്ന ബുക്ക് ലെന്‍ഡിങ് പ്രസ്ഥാനം കൊച്ചുകുട്ടികള്‍ മുതലുള്ളവര്‍ക്ക് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാതെ തന്നെ അവ വായിക്കാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം, വായനക്കാര്‍ എവിടെയാണോ അവിടെ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്യുന്നു.

വായനയെ സ്‌നേഹിക്കുന്ന സമൂഹം

അരൂക്കുറ്റിയില്‍ ജനിച്ചുവളര്‍ന്ന, രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് & ഫ്രൈറ്റ് ഫോര്‍വേഡിങ് കമ്പനിയായ എഫ്ഇഐ കാര്‍ഗോ ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ പ്രതാപ് നായരാണ് മൈ ലൈബ്രറിയുടെ ആശയത്തിന് പിന്നില്‍. കുട്ടിക്കാലം മുതല്‍ പുസ്തകങ്ങളോടായിരുന്നു പ്രതാപ് നായരുടെ ചങ്ങാത്തം. 1969ല്‍ അരൂക്കുറ്റി പോലൊരു ചെറു ഗ്രാമത്തില്‍, ലഭിക്കുന്ന പണത്തിനെല്ലാം പുസ്തകം വാങ്ങി സ്വന്തമായൊരു ലൈബ്രറി തന്നെയുണ്ടാക്കി, അത് മറ്റുള്ളവര്‍ക്കായി വായിക്കാന്‍ തുറന്നുകൊടുത്ത പ്രതാപ് നായരെ പ്രോത്സാഹിപ്പിക്കാന്‍ പല സാംസ്‌കാരിക സംഘടനകളും രംഗത്തുവരികയും ചെയ്തിരുന്നു.

മുതിര്‍ന്നപ്പോഴും വിജയകരമായ ബിസിനസ് കെട്ടിപ്പടുത്തപ്പോഴും പ്രതാപ് നായര്‍ പുസ്തകങ്ങളോടുള്ള കൂട്ട് വിട്ടില്ല. ''അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നൂറുകണക്കിന് കോപ്പികള്‍ വാങ്ങി, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്ന ശീലമുണ്ട്. വായനയെ ആവോളം പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതൊക്കെയാണ് അദ്ദേഹത്തിന്റെ പാഷന്‍,'' മൈ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഫ്ഇഐ കാര്‍ഗോ ലിമിറ്റഡ് സംസ്ഥാന മേധാവി കൂടിയായ പ്രമോദ് കെ രാജന്‍ പറയുന്നു. ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രതാപ് നായര്‍ നേതൃത്വം നല്‍കുന്ന ശൈലജ നായര്‍ ഫൗണ്ടേഷന്റെ ഭാഗമായുള്ള ബുക്ക്മാര്‍ക്ക് ഹബ്ബ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലായാണ് മൈ ലൈബ്രറിയുടെ പ്രവര്‍ത്തനം.

പുസ്തകങ്ങള്‍ എന്തിന് വാങ്ങണം?

വായിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും എല്ലാ പുസ്തകങ്ങളും വാങ്ങാന്‍ സാധിക്കണമെന്നില്ല. മൈ ലൈബ്രറിയില്‍ അംഗമാകുന്നവര്‍ക്ക് ഒരേസമയം രണ്ട് പുസ്തകങ്ങള്‍ മുതല്‍ പത്ത് പുസ്തകങ്ങള്‍ വരെ എടുക്കാം. വായിച്ച് തിരികെ നല്‍കിയാല്‍ മതി. വായന പൂര്‍ത്തിയാക്കാന്‍ സമയമേറെ എടുത്താല്‍ ലേറ്റ് ഫീസും ഈടാക്കില്ല. കലൂരില്‍ ഐഎംഎ ഹൗസിനടുത്തുള്ള എഡ്‌വേര്‍ഡ് സ്‌ക്വയറില്‍ 2025 ഓഗസ്റ്റിലാണ് മൈ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. എഴുത്തുകാരനും അസറ്റ് ഹോംസിന്റെ സ്ഥാപകനും എംഡിയുമായ വി. സുനില്‍ കുമാര്‍, സിനിമ സംവിധായകനും എഴുത്തുകാരനും ലൈബ്രേറിയനും ദേശീയ പുരസ്‌കാര ജേതാവുമായ മധു ഇറവങ്കര എന്നിവര്‍ ചേര്‍ന്നാണ് മൈ ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.

കൊച്ചുകുട്ടികള്‍ക്കുള്ള ചിത്ര പുസ്തകങ്ങള്‍ മുതല്‍ മഹാന്മാരുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍, സാഹിത്യം, കല, സാഹിത്യേതര വിഭാഗത്തിലുള്ളവ, പുരാണങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും മൈ ലൈബ്രറിയിലുണ്ട്. ലൈഫ്‌സ്റ്റൈല്‍, സമകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള ക്യൂറേറ്റ് ചെയ്ത മാഗസിനുകളുടെ ശേഖരവും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിലുള്ളവര്‍ക്ക് പുസ്തകങ്ങള്‍ ആവശ്യമെങ്കില്‍ വീട്ടിലെത്തിച്ചു നല്‍കും.

നിങ്ങള്‍ എവിടെയാണോ, പുസ്തകം അവിടെയെത്തും

വായന പ്രോത്സാഹിപ്പിക്കാന്‍ വായനക്കാരെ തേടിയെത്താനും മൈ ലൈബ്രറിക്ക് പദ്ധതിയുണ്ട്. ആളുകള്‍ ഏറെനേരം ചെലവിടേണ്ടി വരുന്ന ആശുപത്രികള്‍, സലൂണുകള്‍, റിസോര്‍ട്ടുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം അവിടെ വരുന്നവര്‍ക്കായൊരു ബൊട്ടീക് ലൈബ്രറി മൈ ലൈബ്രറി ക്രമീകരിച്ച് കൃത്യമായി പരിപാലിക്കും. അത്തരം ലൈബ്രറിയിലെ പുസ്തകങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കിക്കൊണ്ടിരിക്കുക മാത്രമല്ല, വായനക്കാര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്യും.

വായനയിലേക്കും നമ്മുടെ സാംസ്‌കാരിക തനിമകളിലേക്കും ആശയവിനിമയത്തിലേക്കും ആഴത്തിലുള്ള ചര്‍ച്ചകളിലേക്കും സമൂഹത്തെ കൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് മൈ ലൈബ്രറിയുടേത്. അതിന്റെ ഭാഗമായി പ്രത്യേക പരിപാടികളും കലൂരിലെ കേന്ദ്രത്തില്‍ നിശ്ചിത ഇടവേളകളില്‍ സംഘടിപ്പിക്കാറുണ്ട്.

''കഥകളിയെ കുറിച്ചുള്ള ഒരു പരിപാടി അതിന്റെ ഭാഗൃമായിരുന്നു. കഥകളി അവതരിപ്പിക്കുക എന്നതിനപ്പുറം കളിക്കോപ്പുകളെ കുറിച്ചും മുഖത്തെഴുത്തിനെ കുറിച്ചും അതിനുപയോഗിക്കുന്ന നിറങ്ങളെ കുറിച്ചുമെല്ലാമുള്ള വിശദമായൊരു ഉദാഹരണ സഹിതമുള്ള പരിപാടിയായിരുന്നു അത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കുരുങ്ങിക്കിടക്കുന്ന പുതുതലമുറയെ തിരികെ കലയിലേക്കും സംസ്‌കാരത്തിലേക്കും വായനയിലേക്കും കൊണ്ടുവരാന്‍ ഇതുപോലെ വ്യത്യസ്തമായ രീതികള്‍ വേണ്ടിവരും,'' പ്രമോദ് കെ രാജന്‍ പറയുന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായനയെ നെഞ്ചേറ്റുന്ന ഒരു സമൂഹം സൃഷ്ടിക്കാനാണ് മൈ ലൈബ്രറി ശ്രമിക്കുന്നത്. അതിലൂടെ മനസുകളെ കൂടുതല്‍ ശാന്തവും വിശാലവുമാക്കാനുള്ള ലക്ഷ്യവും.

(Originally published in Dhanam Magazine June 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT