image credit : canva and Infosys  
News & Views

സിംഗപ്പൂരിനെയോ ചൈനയെയോ പോലെ സമ്പന്നമാകാന്‍ ഇന്ത്യ എന്തൊക്കെ ചെയ്യണം? നാരായണ മൂര്‍ത്തിയുടെ 5 വഴികള്‍

കഠിനാധ്വാനം ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍ എന്നതില്‍ നാം അഭിമാനിക്കുന്നു. ആ അഭിമാനത്തെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെ ഒന്ന് വിശകലനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

Dhanam News Desk

ഇന്ത്യയെ വളരുന്നതോ, വളര്‍ന്നുവരുന്നതോ ആയ ഒരു രാജ്യം എന്നതിലുപരി, ഘടനാപരമായും സുസ്ഥിരമായും എങ്ങനെ സമ്പന്നമാക്കാം? സിംഗപ്പൂര്‍ അത് സാധിച്ചു. ദക്ഷിണ കൊറിയയും ചൈനയും അത് സാധിച്ചു. അവരാരും യാദൃച്ഛികമായി അത് നേടിയെടുത്തതല്ല. വ്യക്തമായ ആസൂത്രണത്തിലൂടെയും, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടരുതെന്ന വാശിയിലുമാണ് നേടിയത്. നമുക്കും അത് സാധ്യമാണ്. അതിന് വേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

1. ഉയര്‍ന്ന ലക്ഷ്യം

ആദ്യത്തെ കാര്യം മനഃശാസ്ത്രപരമാണ്: അസാധാരണമായത് നേടാനുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവം. 1945ല്‍ ജര്‍മ്മനിയും ജപ്പാനും തകര്‍ന്ന് തരിപ്പണമായിരുന്നു. അവരെ പുനര്‍നിര്‍മിച്ചത് മാര്‍ഷല്‍ പ്ലാനും അമേരിക്കന്‍ സഹായത്തോടെയുള്ള പുനര്‍നിര്‍മാണ പദ്ധതികളും മാത്രമല്ല. മറിച്ച്, മികവിനായി ആവേശത്തോടെ പോരാടാന്‍ അവിടത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ എടുത്ത കൂട്ടായ തീരുമാനമാണ്.

ജര്‍മന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്സ് വെബര്‍ (Max Weber) ഇത് പണ്ടേ തിരിച്ചറിഞ്ഞിരുന്നു. 'അച്ചടക്കമുള്ള, ഉന്നത ലക്ഷ്യങ്ങളുള്ള ഈ തൊഴില്‍ സംസ്‌കാരമാണ് വ്യാവസായിക വിപ്ലവത്തിന് തിരികൊളുത്തിയത്' എന്ന്് അദ്ദേഹം വിശദീകരിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡെയ്‌ഡ്രെ മക്ക്‌ലോസ്‌കി (Deirdre McCloskey) പറയുന്നത് പ്രകാരം, ഇന്ന് നമുക്ക് വേണ്ടത് 'ബൂര്‍ഷ്വാ അന്തസ്' (Bourgeois Digntiy) ആണ്.

ഒരു ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നവനെയോ, അവിഹിത ലാഭം ഉണ്ടാക്കുന്നവനെയോ അല്ല, മറിച്ച് പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നവരെയും സമ്പത്ത് സൃഷ്ടിക്കുന്നവരെയും ഒരു സമൂഹം യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കുമ്പോഴാണ് ഈ അന്തസ് വളരുന്നത്. നമ്മുടെ മിടുക്കരായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിയെ ഏറ്റവും സുരക്ഷിതമായ സമ്മാനമായി കാണുന്നിടത്തോളം കാലം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ നമ്മള്‍ ഇന്ധനം പാഴാക്കുകയാണ്.

ആഗ്രഹങ്ങള്‍ മാത്രം പോര. ഒരു സ്വതന്ത്ര കമ്പോള ചട്ടക്കൂടില്ലെങ്കില്‍ ആഗ്രഹം നിരാശയായി മാറും. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ (Milton Friedman) ഉള്‍ക്കാഴ്ച ഇന്നും മാറ്റമില്ലാതെ തുടരുന്നു: 'സ്വമേധയായുള്ള ഓരോ വിനിമയവും ഇരുവശത്തും മൂല്യം സൃഷ്ടിക്കുന്നു. കമ്പോളം എന്നത് ഒരു പ്രത്യയശാസ്ത്രമല്ല. അത് വ്യക്തിഗതമായ അഭിലാഷങ്ങളെ കൂട്ടായ അഭിവൃദ്ധിയിലേക്ക് മാറ്റുന്ന ഒരു സാങ്കേതികവിദ്യയാണ്.'

2. സ്മാര്‍ട്ട് വര്‍ക്ക്, ടീം വര്‍ക്ക്, അച്ചടക്കം

കഠിനാധ്വാനം ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍ എന്നതില്‍ നാം അഭിമാനിക്കുന്നു. ആ അഭിമാനത്തെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെ ഒന്ന് വിശകലനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അച്ചടക്കവും ഗുണമേന്മയും കൃത്യതയുമില്ലാത്ത കഠിനാധ്വാനം എന്നത് പുരോഗതിയില്ലാത്ത ചലനം മാത്രമാണ്. ദക്ഷിണ കൊറിയയുടെ 'പാലി-പാലി' (PaliPali) അവരുടെ പ്രശസ്തമായ വേഗതയുടെ സംസ്‌കാരം-അമ്പരപ്പിക്കുന്ന വേഗത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തു.

എന്നാല്‍ ആ വേഗത അച്ചടക്കമുള്ളതായിരുന്നു. ഓരോ വ്യക്തിയും ഒരു സിംഫണിയിലെ സംഗീതജ്ഞരെപ്പോലെ തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വഹിക്കുന്ന ഒരു 'ഓര്‍ക്കസ്ട്രേറ്റഡ് ടീം വര്‍ക്ക്' അവിടെയുണ്ടായിരുന്നു. അല്ലാതെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരിക്കുന്ന സോളോ ആര്‍ട്ടിസ്റ്റുകളായിരുന്നില്ല അവര്‍. സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ നേടിയ പോള്‍ ക്രുഗ്മാന്റെ (Paul Krugman) നിരീക്ഷണം ഓരോ ബോര്‍ഡ് റൂമിന്റെ ചുവരിലും പച്ചകുത്തേണ്ടതാണ്: 'ഉല്‍പാദനക്ഷമത എല്ലാം അല്ലായിരിക്കാം, പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഏകദേശം എല്ലാം തന്നെയാണ്.

' ഒരു രാജ്യത്തിന്റെ ജീവിതനിലവാരം ആത്യന്തികമായി നിര്‍ണയിക്കപ്പെടുന്നത് ഒരു തൊഴിലാളിയുടെ ശരാശരി ഉല്‍പാദനക്ഷമതയിലൂടെയാണ്. അല്ലാതെ മൊത്തം ജിഡിപിയിലൂടെയോ വാര്‍ത്ത തലക്കെട്ടുകളിലൂടെയോ അല്ല. ചുരുങ്ങിയ കൂലിക്ക് ലഭ്യമാകുന്ന തൊഴിലാളികളാണ് നമ്മുടെ കരുത്തെന്ന പഴയ ചിന്താഗതിയാണ് നമ്മുടെ ഏറ്റവും വലിയ അപകടം.

ഇക്കാലത്ത് ആ ധാരണ തെറ്റാണെന്ന് മാത്രമല്ല, അതൊരു കെണി കൂടിയാണ്. റോബോട്ടുകള്‍ ശമ്പള വര്‍ധനവ് ചോദിക്കില്ല. നിര്‍മിതബുദ്ധിക്ക് (AI) രോഗാവധി വേണ്ട. ലോകത്തിന്റെ 'ബാക്ക് ഓഫീസ്' എന്ന നിലയില്‍ നിന്ന് മാറി, ലോകത്തിന്റെ ലബോറട്ടറിയായും കൃത്യതയാര്‍ന്ന ഉല്‍പാദന കേന്ദ്രമായും മാറുക എന്നത് മാത്രമാണ് മുന്നോട്ടുള്ള വഴി. നാം അധ്വാനത്തിന് മുന്‍ഗണന നല്‍കുന്ന തൊഴിലുകളില്‍ നിന്ന് ബുദ്ധിശക്തിക്ക് മുന്‍ഗണന നല്‍കുന്ന തൊഴിലുകളിലേക്ക് മാറേണ്ടതുണ്ട്.

3. വിശ്വാസവും സത്യസന്ധതയും

ചില രാജ്യങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ മറ്റ് ചിലത് സ്തംഭനാവസ്ഥയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ഫുകുയാമ (Francis Fukuyama) തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം പഠിച്ചു. അദ്ദേഹത്തിന്റെ നിരീക്ഷണം ഒറ്റവാക്കില്‍ ഒതുക്കാം: വിശ്വാസം. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ തമ്മിലുള്ള വിശ്വാസമല്ല- അത് സാധാരണമാണ്. വികസിത രാജ്യങ്ങളെ ദരിദ്ര രാജ്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് അപരിചിതര്‍ തമ്മിലുള്ള വിശ്വാസമാണ്.

ഒരു കരാര്‍ പാലിക്കപ്പെടുമെന്നും റെഗുലേറ്റര്‍ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാക്കുമെന്നും ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റേയാള്‍ തന്നെ ചതിക്കാന്‍ നോക്കില്ലെന്നുമുള്ള ഉറപ്പാണത്.അഴിമതിയെന്നത് കേവലം ഒരു ധാര്‍മിക വീഴ്ചയല്ല. അതൊരു സാമ്പത്തിക ദുരന്തമാണ്. അഴിമതിയുടെ കുറുക്കുവഴികള്‍ താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവന്റെ മേലുള്ള നികുതിയാണത്. അഴിമതിക്കാര്‍ക്ക് വിഹിതം നല്‍കാന്‍ കഴിയാത്തതോ, അല്ലെങ്കില്‍ അതിന് തയാറാകാത്തതോ ആയ സംരംഭകര്‍ക്ക് അതൊരു വലിയ ഭാരമാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ ചരിത്രകാരനായ ടാസിറ്റസ് (Tacitus) നിരീക്ഷിച്ചതുപോലെ: 'രാജ്യം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, അത്രത്തോളം നിയമങ്ങളും കര്‍ശനമാകും.' നിയമങ്ങളിലെ സങ്കീര്‍ണതകളിലാണ് അഴിമതി ഒളിച്ചിരിക്കുന്നത്. അതിനുള്ള പരിഹാരം ലളിതവല്‍ക്കരണമാണ്: കുറഞ്ഞ നിയമങ്ങള്‍, എല്ലാവര്‍ക്കും തുല്യമായ നീതി, വിട്ടുവീഴ്ചയില്ലാത്ത നടപ്പിലാക്കല്‍. എവിടെയും അവിഹിത ലാഭത്തിന് പഴുതുകളുണ്ടാകരുത്.

4. വിവേകമുള്ള നേതൃത്വം

ടൈഗര്‍ ഇക്കണോമികള്‍ (ദ്രുതഗതിയില്‍ വളര്‍ച്ച നേടിയ സമ്പദ്ഘടനകള്‍- ഹോങ്കോങ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്വാന്‍) പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു സവിശേഷമായ രീതി കാണാം: അവിടത്തെ ഭരണം നിയന്ത്രിക്കുന്നവര്‍ രാഷ്ട്രീയ നൈപുണ്യമുള്ളവര്‍ മാത്രമല്ല, മറിച്ച് അങ്ങേയറ്റം ബുദ്ധിമാന്മാരും അറിവുള്ളവരുമാണ്. സിംഗപ്പൂരും ദക്ഷിണ കൊറിയയും ഭരണത്തെ ഒരു പ്രകടന കലയാക്കിയല്ല, മറിച്ച് ഒരു സാങ്കേതിക മേഖലയായാണ് കണ്ടത്. അവരുടെ മന്ത്രിസഭകളില്‍ എന്‍ജിനീയര്‍മാരും സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു- നാമമാത്രമായ വളര്‍ച്ചയും (nominal growth) യഥാര്‍ത്ഥ വളര്‍ച്ചയും (real growth) തമ്മിലുള്ള വ്യത്യാസം അറിയുന്നവര്‍.

'മിഡില്‍ ഇന്‍കം ട്രാപ്പ്' എന്താണെന്നും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും അറിയുന്നവരായിരുന്നു അവര്‍. ഇന്ത്യയില്‍ ബൗദ്ധികമായ കഴിവുകള്‍ക്ക് കുറവില്ല. നമുക്ക് വേണ്ടത്ആ കഴിവുകളെ പൊതുസേവനത്തിലേക്ക് നയിക്കുന്ന ഒരു സംസ്‌കാരവും, അത് ആവശ്യപ്പെടുന്ന ഒരു ജനതയുമാണ്. ഏറ്റവും യോഗ്യരും മൂല്യബോധമുള്ളവരുമായ ആളുകളെ അധികാരത്തിലേക്ക് തിരഞ്ഞെടുക്കുന്ന ഒരു സംസ്‌കാരം നമുക്ക് ആവശ്യമാണ്.

5. വ്യക്തിക്കല്ല, സമൂഹത്തിനാണ് പ്രാധാന്യം

അഭിവൃദ്ധി പ്രാപിച്ച ഓരോ സമൂഹത്തിന്റെയും ഏറ്റവും വലിയ രഹസ്യം ലളിതമാണ്: പൊതു ഇടങ്ങളെയും സ്ഥാപനങ്ങളെയും തങ്ങളുടേതായി തന്നെ കാണാന്‍ അവിടത്തെ പൗരന്മാര്‍ രേഖാമൂലമല്ലാത്ത ഒരു ധാരണയില്‍ എത്തിയിരിക്കുന്നു.

ജപ്പാനില്‍ 'ഒമോട്ടനാഷി' (Omotenashi) എന്ന വാക്ക് അങ്ങേയറ്റത്തെ ആതിഥ്യമര്യാദയെ സൂചിപ്പിക്കുന്നു. ഇത് റെയില്‍വെ സ്റ്റേഷനിലെ അപരിചിതരോടും അര്‍ധരാത്രിയിലെ നടപ്പാതകളോടും നഗരഹൃദയത്തിലൂടെ ഒഴുകുന്ന പുഴകളോടും വരെ അവര്‍ കാണിക്കുന്നു. പൊതു ഇടം എന്നത് സ്വന്തം ഇടമാണെന്ന ചിന്ത അവര്‍ ഉള്ളിലേറ്റിയതുകൊണ്ടാണ് ജപ്പാനിലെ ജനങ്ങള്‍ അവിടം വൃത്തിയായി സൂക്ഷിക്കുന്നത്.ഇന്ത്യയില്‍ പലപ്പോഴും 'പൊതുവായത്' എന്നാല്‍ 'ആരുടേതുമല്ലാത്തത്' എന്നാണ് നാം കരുതുന്നത്.

പൊതുവായ വൃത്തികേടിനിടയില്‍ സ്വകാര്യമായ മികവിന് നിലനില്‍പില്ല എന്ന് നാം ഓര്‍ക്കണം. നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ ഓഫീസ് മന്ദിരം പണിയാം. എന്നാല്‍ അതിന് പുറത്തെ റോഡ് കുഴികള്‍ നിറഞ്ഞതാണെങ്കില്‍, അഴുക്കുചാല്‍ തുറന്നുകിടക്കുകയാണെങ്കില്‍ നിങ്ങള്‍ പണിതത് അഭിവൃദ്ധിയല്ല. മറിച്ച് ഒരു 'മരുപ്പച്ച' (Oasis) മാത്രമാണ്. മരുപ്പച്ചകള്‍ സമ്പദ്വ്യവസ്ഥയെ വളര്‍ത്തില്ല. 1790ല്‍ ആംഗ്ലോ-ഐറിഷ് എഴുത്തുകാരനും ചിന്തകനുമായ എഡ്മണ്ട് ബര്‍ക്ക് (Edmund Burke) 'Ref lections on the Revolution in France'എന്ന തന്റെ പുസ്തകത്തില്‍ ഓര്‍മിപ്പിച്ചത് പോലെ, ഒരു രാജ്യം എന്നത് മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരും ചേര്‍ന്നുള്ളതാണ്.

നമ്മുടെ ജീവിതകാലത്ത് പൂര്‍ത്തിയാകുന്നത് കാണാന്‍ സാധിക്കില്ലെങ്കില്‍ പോലും അത്തരം കാര്യങ്ങളില്‍ നാം നിക്ഷേപിക്കണം. നമുക്ക് ലഭിച്ച പൈതൃകത്തെ നമ്മുടെ മക്കള്‍ക്ക് അവകാശപ്പെട്ടതെന്ന പോലെ നാം സംരക്ഷിക്കണം. കാരണം അത് സത്യത്തില്‍ അവര്‍ക്കുള്ളതാണ്.

പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഉദയം

ഇന്ത്യന്‍ നൊബേല്‍ ജേതാവായ അമര്‍ത്യ സെന്‍ (Amatrya Sen) എഴുതിയത് പോലെ, ഒരു വ്യക്തിയെ സംബന്ധിച്ചായാലും രാജ്യത്തെ സംബന്ധിച്ചായാലും പ്രധാനപ്പെട്ടത് നിങ്ങളുടെ കയ്യില്‍ എന്തുണ്ട് എന്നതല്ല, മറിച്ച് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ്. ഇന്ത്യയുടെ പക്കല്‍ കൃത്യമായ ഡാറ്റകളുണ്ട്, അനുകൂലമായ ജനസംഖ്യ ഘടനയുണ്ട്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുണ്ട്. നമുക്ക് ബൗദ്ധികമായ മൂലധനവുമുണ്ട്. നാം ഇപ്പോഴും കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ സ്വഭാവമാണ്: അതായത് സ്ഥാപനങ്ങളിലുള്ള വിശ്വാസം, കൂട്ടായ അച്ചടക്കം, സ്വന്തം താല്‍പര്യത്തേക്കാള്‍ ടീമിനും സമൂഹത്തിനും രാജ്യത്തിനും മുന്‍ഗണന നല്‍കാനുള്ള സന്നദ്ധത എന്നിവ.

അത്ഭുതം കാണിക്കണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. മറിച്ച് പുനര്‍രൂപകല്‍പനയാണ്. സിംഗപ്പൂരിനോ ദക്ഷിണ കൊറിയക്കോ ഭാഗ്യം കൊണ്ട് ലഭിച്ചതല്ല ഈ നേട്ടങ്ങള്‍. വിദ്യാഭ്യാസം, ഭരണം, സത്യസന്ധത, നിക്ഷേപം എന്നിവയില്‍ അവര്‍ ഉറപ്പുള്ളതും സുസ്ഥിരവുമായ ചില തീരുമാനങ്ങള്‍ എടുത്തു. ആ തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്കും സാധിക്കും. നാം അത് ചെയ്‌തേ തീരൂ.ഇന്ത്യന്‍ സ്വപ്നം എന്നത് അകലെയുള്ള ഒരു നക്ഷത്രമല്ല. നാം ഇപ്പോള്‍ത്തന്നെ ആ വഴിയിലൂടെ സഞ്ചരിക്കുകയാണ്. നമുക്ക് ശേഷം വരുന്നവര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന രീതിയില്‍ നമുക്ക് ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനാവും.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് അനിവാര്യം

ബിസിനസ് സമൂഹത്തോടും സര്‍ക്കാരിനോടും പ്രൊഫഷണലുകളോടും എനിക്ക് പറയാനുള്ളത് ഇതാണ്; ബിസിനസുകാര്‍ ജുഗാദ് (jugaad, പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള താല്‍ക്കാലിക പ്രശ്നപരിഹാരം) ഒരു തന്ത്രമല്ലെന്ന് മനസിലാക്കണം. അതൊരു അതിജീവന മാര്‍ഗം മാത്രമാണ്. അത് ബുദ്ധിപരമായിരിക്കാം.

പക്ഷേ ഒരു സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാന്‍ പര്യാപ്തമല്ല. കുറുക്കുവഴികള്‍ക്ക് ലോകം വലിയ വില നല്‍കില്ല. മറിച്ച് ജര്‍മന്‍ നിലവാരത്തിലുള്ള കൃത്യതക്കും കൊറിയന്‍ വേഗതക്കും ഇസ്രയേലി ഇന്നൊവേഷനും ചൈനീസ് രീതിയിലുള്ള കഠിനാധ്വാനത്തിനുമാണ് ലോകം മൂല്യം നല്‍കുന്നത്. ആര്‍&ഡി (ഗവേഷണ വികസനം) യില്‍ നിക്ഷേപിക്കുക. വിപണി നിങ്ങളെ നിര്‍ബന്ധിക്കുന്നതിന് മുമ്പുതന്നെ ജര്‍മ്മന്‍ രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധനായ ജോസഫ് ഷുമ്പീറ്ററിന്റെ (Joseph Schumpeter) 'സര്‍ഗാത്മകമായ തകര്‍ക്കല്‍' (Creative Dtseruction) എന്ന ആശയത്തെ ഉള്‍ക്കൊള്ളുക.

ഓര്‍ക്കുക: കോര്‍പറേറ്റ് നേതാക്കള്‍ ഏറ്റവും ഒടുവില്‍ മാത്രം തങ്ങളുടെ വിഹിതം എടുക്കുന്നവരാകണം. നിങ്ങളുടെ വിഹിതം എടുക്കുന്നതിന് മുമ്പ് ഓരോ ജീവനക്കാരനും കൃത്യമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്ന ഒന്നാകാതെ സേവനമുഖമുള്ള ഒരു ഭരണകൂടമായി സര്‍ക്കാര്‍ മാറുക.

കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലുള്ള പെണ്‍കുട്ടിക്ക് ഒരു ബയോടെക് കമ്പനി തുടങ്ങണമെന്നുണ്ടെങ്കില്‍, അവളുടെ ആദ്യത്തെ ലൈസന്‍സ് ലഭിക്കാനുള്ള വഴി കാലിഫോര്‍ണിയയില്‍ ടെക് കമ്പനികളുടെ കേന്ദ്രമായ 'പാലോ ആള്‍ട്ടോ'യിലെന്ന പോലെ തൃശൂരിലും സുഗമമായിരിക്കണം. സര്‍ക്കാര്‍ സൃഷ്ടിക്കുന്ന ഓരോ അനാവശ്യ തടസവും ഒരു പുതിയ സംരംഭത്തെയും ഒരു പുതിയ തൊഴിലിനെയും ഒരു വലിയ സ്വപ്നത്തെയുമാണ് ഇല്ലാതാക്കുന്നത്.

പ്രൊഫഷണലുകള്‍ ഷിഫു മനോഭാവം (shifu mindset) വളര്‍ത്തിയെടുക്കണം. അതായത് ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത വിധം അങ്ങേയറ്റം മികവുള്ളവരായി മാറുക. പ്രകടനം അംഗീകാരം നേടിത്തരും. അംഗീകാരം ബഹുമാനം നേടിത്തരും. ബഹുമാനം സ്വാധീനത്തിലേക്കും അധികാരത്തിലേക്കും നയിക്കും. ആ സ്വാധീനമാണ് നേടേണ്ടതും നിലനില്‍ക്കുന്നതുമായ ഏക അധികാരം.

(ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി കൊച്ചി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ്ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഇന്ത്യ ഫോര്‍വേഡ്' സീരീസിന്റെ ഭാഗമായി താജ് വിവാന്റയില്‍ നടത്തിയ പ്രഭാഷണത്തെ അധികരിച്ച് തയാറാക്കിയത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT