News & Views

വാല്‍വുള്ള എന്‍ 95 മാസ്‌ക് അപകടകരം, ധരിക്കരുത്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Dhanam News Desk

വാല്‍വുള്ള എന്‍95 മാസ്‌ക് ധരിക്കുന്നത് അപകടകരമെന്ന് മുന്നറിയിപ്പ്. ഇത് ഗുണത്തിനു പകരമായി ദോഷഫലമുളവാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാല്‍വുള്ള ഇത്തരം മാസ്‌ക്കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച്  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് കത്തു നല്‍കി. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ ശ്വസിച്ച ശേഷം പുറന്തള്ളുന്ന വായു അപകടകരമാകാം. കോവിഡ് ബാധിതനാണെങ്കില്‍ വൈറസ് പുറത്തുവരാം.

സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇത്തരം മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്‌കോ, തുണികൊണ്ടുള്ള മുഖാവരണമോ ഉപയോഗിക്കണം.മുഖവും വായയും മൂടാനും എന്‍ 95 മാസ്‌കുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ രാജീവ് ഗാര്‍ഗ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

മാസ്‌കുകളുടെ ഉപയോഗവും നിര്‍മ്മാണവും സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സോപ്പോ സാനിറ്റൈസറോ ഇട്ട് 20 സെക്കന്റ് കഴുകിയ ശേഷം വേണം മാസ്‌ക് ഉപയോഗിക്കാനെന്ന് ഐസിഎംആര്‍ പറയുന്നു. വായയും മൂക്കും താടിയും കവര്‍ ചെയ്യുന്ന വിധത്തില്‍ വേണം ധരിക്കാന്‍. എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ഉപയോഗിക്കരുത്. നനഞ്ഞ മാസ്‌ക് ഉപയോഗിക്കരുത്. ഫേസ് മാസ്‌ക് ഒരാള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT