കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യവസായി ഗൗതം അദാനിയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉന്നയിക്കുന്നതിനിടെ യു.എസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ശ്രദ്ധേയമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മോദി.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അദാനിയെ സംബന്ധിച്ച് എന്തെങ്കിലും ചർച്ച ചെയ്തോ എന്ന ചോദ്യത്തോട് ഓരോ ഇന്ത്യക്കാരനും പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റേതാണെന്ന മറുപടിയാണ് മോദി നല്‍കിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നമ്മുടെ സംസ്കാരം 'വസുധൈവ കുടുംബകം' ആണെന്നും മോദി പറഞ്ഞു. അദാനിയെക്കുറിച്ചുളള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മോദി തയാറായില്ല.
സൗരോർജ കരാറുകള്‍ നേടിയെടുക്കാന്‍ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ യു.എസ് ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നൽകിയെന്ന ആരോപണമാണ് അദാനി നേരിടുന്നത്. യുഎസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും സമാഹരിച്ച തുകാണ് ഇതിനായി വിനിയോഗിച്ചതെന്ന് കേസാണ് അദാനി നേരിടുന്നത്. അതേസമയം അദാനി ഗ്രൂപ്പിനെതിരെ അന്വേഷിക്കാൻ ഉപയോഗിച്ചിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള യു.എസ് നിയമം താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത അഴിമതി കേസിന് ട്രംപ് ഭരണകൂടത്തിന് കീഴില്‍ എന്തു മാറ്റങ്ങളായിരിക്കും സംഭവിക്കുക എന്നത് നിര്‍ണായകമാണ്. ഇരു നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്ന അദാനിക്ക് കേസ് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine