മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും നാസയുടെ ബഹിരാകാശ പര്യവേഷകരായ സുനിത വില്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തില്‍ മാര്‍ച്ച് 19നാണ് ഇരുവരുടെയും മടക്കയാത്ര. ഇവര്‍ക്ക് പകരക്കാരെയുമായി കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയിരുന്നു. എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യസും ബുച്ച് വില്‍മോറും സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി കുടുങ്ങിക്കിടക്കുകയായിരുന്നു.
അതേസമയം, നിശ്ചയിച്ച സമയത്തിലും കൂടുതല്‍ ബഹിരാകാശത്ത് ചെലവിട്ടതിന് ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ ടൈം സാലറി നല്‍കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. നിലവില്‍ നാസയുടെ ശമ്പള പാക്കേജ് അനുസരിച്ച് ബഹിരാകാശത്ത് കൂടുതല്‍ കഴിഞ്ഞതിന് ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് ട്രിപ്പിന് പോകുന്ന യു.എസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പളമാണ് ഇവര്‍ക്ക് നല്‍കുകയെന്ന് നാസയുടെ മുന്‍ ബഹിരാകാശ യാത്രികനായ കാഡി കോള്‍മാനാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. നിശ്ചയിച്ച ശമ്പളമാണ് ലഭിക്കുന്നത്. ഇതിന് പുറമെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളും നാസയുടെ വകയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇരുവര്‍ക്കും സ്‌റ്റൈപ്പന്‍ഡ് എന്ന നിലയില്‍ പ്രതിദിനം 4 ഡോളര്‍ വീതം (ഏകദേശം 340 രൂപ) ലഭിക്കുമെന്നും കോള്‍മാന്‍ കൂട്ടിച്ചേര്‍ത്തു. അതായത് 287 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വകയില്‍ ഇരുവര്‍ക്കും 1,148 ഡോളര്‍ (ഏകദേശം ഒരുലക്ഷം രൂപ) അധികം ലഭിക്കുമെന്ന് സാരം.
നാസയുടെ ബഹിരാകാശ ഗവേഷകരായ സുനിത വില്യസും ബുച്ച് വില്‍മോറും ഫെഡറല്‍ ജീവനക്കാരുടെ ഏറ്റവും വലിയ ശമ്പള സ്‌കെയിലായ ജി.എസ്-15 പേ ഗ്രേഡിലുള്ളവരാണ്. ഇവര്‍ക്ക് വാര്‍ഷിക ശമ്പളമായി 1,25,133 -1,62,762 ഡോളര്‍ (ഏകദേശം 1.08 കോടി രൂപ മുതല്‍ 1.41 കോടി രൂപവരെ) വരെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഹൗസിഗം അലവന്‍സ്, കാര്‍ ലോണ്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഭര്‍ത്താവ് മൈക്കല്‍ ജെ വില്യംസിനൊപ്പം താമസിക്കുന്ന സുനിതക്ക് 5 മില്യന്‍ ഡോളറിന്റെ (ഏകദേശം 43.41 കോടി രൂപ) ആസ്തിയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
2024 ജൂണ്‍ അഞ്ചിന് ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തിലാണ് കുറച്ച് ദിവസങ്ങളുടെ ദൗത്യത്തിനായി സുനിതയും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണം സ്റ്റാര്‍ലൈനറിന്റെ മടക്ക യാത്ര വൈകി. തുടര്‍ന്ന് യാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരികെയെത്തി. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാല്‍ ഒരു പിടി റെക്കോഡുകളുമായാണ് സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഒമ്പത് ബഹിരാകാശ നടത്തങ്ങള്‍ പൂര്‍ത്തിയാക്കിയ സുനിത 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതിനായി ചെലവഴിച്ചത്. ഏറ്റവും കൂടുതല്‍ ബഹിരാകാശ നടത്തം സാധ്യമാക്കിയ വനിതകളില്‍ രണ്ടാം സ്ഥാനം, ഏറ്റവും കൂടുതല്‍ നേരം ബഹിരാകാശ നടത്തം സാധ്യമാക്കിയത വനിത തുടങ്ങിയ നിരവധി റെക്കോഡുകളാണ് ഇന്ത്യന്‍ വംശജയായ സുനിത സ്വന്തം പേരില്‍ കുറിച്ചത്. ഇരുവരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം.
Read DhanamOnline in English
Subscribe to Dhanam Magazine