Image courtesy: canva 
News & Views

ക്രിസ്മസ് ദിനത്തില്‍ ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളം കൂടി! കേരളത്തില്‍ നിന്ന് പ്രതിദിനം രണ്ട് സര്‍വീസുകള്‍, നവി മുംബൈ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്നു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും ആകാശ എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുക

Dhanam News Desk

ഡിസംബര്‍ 25 മുതല്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി നവി മുംബൈ രാജ്യാന്തര വിമാനത്താവളം. തുടക്കത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള 16 നഗരങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്ന് സര്‍വീസുണ്ടാകും. ഒക്ടോബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്‌തെങ്കിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നില്ല.

തുടക്കത്തില്‍ 12 മണിക്കൂര്‍ മാത്രമാണ് വിമാനത്താവളം പ്രവര്‍ത്തിക്കുക. രാവിലെ എട്ടിന് തുറക്കുന്ന വിമാനത്താവളം രാത്രി എട്ടിന് അടക്കും. ദിവസവും 23 ഷെഡ്യൂളുകളാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളം പൂര്‍ണമായും സജ്ജമായാല്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ഉദ്ഘാടന സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നീ കമ്പനികളും നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യഷെഡ്യൂളില്‍ കൊച്ചിയും

നവി മുംബൈ വിമാനത്താവളത്തിലേക്കുള്ള ആദ്യ ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നും വിമാന സര്‍വീസുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും ആകാശ എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുക. രാവിലെ എട്ടിന് ഇന്‍ഡിഗോ എയര്‍ലൈന്‍സും 08.50ന് ആകാശ എയര്‍ലൈന്‍സും കൊച്ചിയില്‍ നിന്ന് നവി മുംബൈയിലേക്ക് സര്‍വീസ് നടത്തും. രാവിലെ 11.30ക്ക് ആകാശ എയര്‍ലൈന്‍സിന്റെ വിമാനവും വൈകുന്നേരം 6.25ന് ഇന്‍ഡിഗോ വിമാനവും തിരിച്ച് സര്‍വീസ് നടത്തുമെന്നും ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷം പൂര്‍ണതോതില്‍

അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മാറും. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. പ്രതിദിനം 34 സര്‍വീസുകള്‍ ഇവിടെ നിന്ന് പുറപ്പെടാനാണ് ആലോചിക്കുന്നത്. അതിനിടെ വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനുള്ള പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിന്റെ സുരക്ഷ ഉദ്ഘാടനത്തിന് പിന്നാലെ തന്നെ സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമെ യാത്രക്കാരുടെ പരിശോധന, ബഗേജ് ഹാന്‍ഡ്‌ലിംഗ്, എയര്‍സൈഡ് കോര്‍ഡിനേഷന്‍, അടിയന്തര ഘട്ടങ്ങള്‍ നേരിടേണ്ട വിധം തുടങ്ങിയ എല്ലാകാര്യങ്ങളും പരിശോധിച്ച് ഉറപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

അദാനി വിമാനത്താവളം

പൊതു-സ്വകാര്യ ഉടമസ്ഥതതയിലുള്ള വിമാനത്താവളമാണ് നവി മുംബൈയിലേത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള സബ്‌സിഡിയറി സ്ഥാപനമായ മുംബയ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് 74 ശതമാനം ഓഹരികള്‍. ബാക്കി 26 ശതമാനം സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് മഹാരാഷ്ട്ര ലിമിറ്റഡിന്റെ (CIDCO) കീഴിലാണ്. നവി മുംബൈ വിമാനത്താവളം കൂടി തുറക്കുന്നതോടെ മുംബൈ നഗരത്തിന്റെ വ്യവസായ-ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.

India’s new Navi Mumbai International Airport (NMIA) will begin commercial flights from 25 December 2025 with 23 daily departures and a restricted 12‑hour schedule, marking a major expansion of the Mumbai Metropolitan Region’s aviation capacity

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT