petrol station image credit : canva
News & Views

എക്‌സൈസ് തീരുവ കുറച്ചു; പെട്രോള്‍, ഡീസല്‍ വില കുറയില്ല, നേട്ടം എണ്ണ കമ്പനികള്‍ക്ക്, നഷ്ടം ഖജനാവിന്‌

പെട്രോളിന് ചുമത്തിയിരുന്ന അധിക എക്സൈസ് തീരുവ 13 രൂപയിൽ നിന്നും 3 രൂപയിലേക്ക് താഴ്ന്നു. ഡീസലിന് മേൽ ഈടാക്കിയിരുന്ന 10 രൂപയുടെ തീരുവ പൂർണമായും ഒഴിവാക്കി.

Dhanam News Desk

രാജ്യത്ത് വാ​ഹന ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവയാണ് ​ഗണ്യമായ തോതിൽ വെട്ടിക്കുറച്ചത്. ഇതോടെ പെട്രോളിന് ചുമത്തിയിരുന്ന അധിക എക്സൈസ് തീരുവ 13 രൂപയിൽ നിന്നും 3 രൂപയിലേക്ക് താഴ്ന്നു. ഡീസലിന് മേൽ ഈടാക്കിയിരുന്ന 10 രൂപയുടെ തീരുവ പൂർണമായും ഒഴിവാക്കി. എന്നാൽ പമ്പുകളിലെ റീട്ടെയിൽ വിൽപ്പന വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 2025 ഏപ്രിലിലായിരുന്നു ഇതിന് മുൻപ് അധിക എക്സൈസ് തീരുവ കേന്ദ്ര സർക്കാർ പരിഷ്കരിച്ചിരുന്നത്.

പണപ്പെരുപ്പം ചെറുക്കാൻ ശ്രമം

പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ വർധിച്ചതിന്റെ ആഘാതം ജനങ്ങളിലേക്ക് എത്താതിരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ നീക്കമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വാഹന ഇന്ധന വില വർധിക്കുന്നതു വഴി ഉയരാമായിരുന്ന പണപ്പെരുപ്പ ഭീഷണി ഒരുപരിധിവരെ അകറ്റി നിർത്താനും കഴിഞ്ഞേക്കും. നിലവിൽ രാജ്യാന്തര വിപണിയിൽ 106 ഡോളർ നിലവാരത്തിലാണ് ക്രൂഡോയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 70 ഡോളർ നിലവാരത്തിലായിരുന്നു ക്രൂഡോയിൽ വില ഉണ്ടായിരുന്നത്.

എണ്ണ കമ്പനികളുടെ നഷ്ടം നികത്തുന്നു

കൂടാതെ ക്രൂഡോയിൽ വില വർധന കാരണം, പൊതുമേഖല എണ്ണ കമ്പനികൾ നേരിടുന്ന നഷ്ടം കുറയ്ക്കുന്നതിനും പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന അധിക എക്സൈസ് തീരുവ കുറച്ചത് സഹായകരമാകും. നിലവിൽ ഒരു ലിറ്റർ പെട്രോളിനുമേൽ 24 രൂപയും ഒരു ലിറ്റർ ഡീസലിനുമേൽ 30 രൂപയും വീതം പൊതുമേഖല എണ്ണ കമ്പനികൾ നഷ്ടം നേരിടുന്നതായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി പറഞ്ഞത്. അതേസമയം ക്രൂഡോയിൽ വില വർധനവിന് പുറമെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്ന ഘടകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT