Image Courtesy: en.kremlin.ru, x.com/PMOIndia 
News & Views

എണ്ണയില്‍ റഷ്യന്‍ യുഗത്തിന് അവസാനം? ഇന്ത്യന്‍ നോട്ടം വീണ്ടും മധ്യപൂര്‍വ ദേശത്തേക്ക്; ക്രൂഡില്‍ ബാധ്യതയാകുമോ?

Dhanam News Desk

ഉക്രെയ്‌നിലേക്ക് റഷ്യ ആക്രമണം കടുപ്പിച്ചതിന്റെ ഏറ്റവും വലിയ പരോക്ഷ ഗുണഭോക്താക്കള്‍ ഇന്ത്യയായിരുന്നു. എണ്ണ ഇറക്കുമതിക്കായി വലിയ തുക മാറ്റിവച്ചിരുന്ന ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ്ഓയില്‍ കിട്ടി. അതും വലിയ ഡിസ്‌കൗണ്ടില്‍. എന്നാല്‍ 2025 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കാര്യങ്ങള്‍ അത്ര സുഗമമായേക്കില്ല.

റഷ്യയില്‍ നിന്നുള്ള ഡിസ്‌കൗണ്ട് എണ്ണയുടെ വരവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ റഷ്യന്‍ വിഹിതത്തില്‍ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഡിസംബറില്‍ ഈ വിടവ് വീണ്ടും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് നവംബറില്‍ റഷ്യയില്‍ നിന്നുണ്ടായത്.

റഷ്യയില്‍ ഡിമാന്‍ഡ് കൂടുന്നു

ഒക്‌ടോബറില്‍ 1.52 മില്യണ്‍ ബാരലാണ് പ്രതിദിനം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതാണ് നവംബറില്‍ 13 ശതമാനത്തോളം കുറഞ്ഞത്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒക്ടോബറില്‍ 10.8 ശതമാനം കൂടുകയും ചെയ്തു. നവംബറിലും ഡിസംബറിലും ഗള്‍ഫ് വിഹിതം കൂടാനാണ് സാധ്യത.

ആഭ്യന്തര വിപണിയില്‍ ഉപഭോഗം വര്‍ധിച്ചതും റിഫൈനറികളില്‍ ചിലതില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതും റഷ്യയില്‍ നിന്നുള്ള കയറ്റുമതി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ ഒപെക് പ്ലസുമായുള്ള ധാരണയുടെ പുറത്ത് ഉത്പാദനം നിയന്ത്രിക്കാന്‍ റഷ്യ തീരുമാനിച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നോട്ടം വീണ്ടും ഗള്‍ഫില്‍

ജനുവരി മുതല്‍ റഷ്യന്‍ ക്രൂഡില്‍ 8-10 മില്യണ്‍ ബാരലിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. റഷ്യന്‍ ക്രൂഡ് വരവ് കുറയുമ്പോള്‍ മറ്റ് സ്രോതസുകളെ ആശ്രയിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണ്. ഒപെക് രാജ്യങ്ങള്‍ നിശ്ചയിച്ച നിരക്കില്‍ മാത്രമേ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണവില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

റഷ്യന്‍ എണ്ണയില്‍ കിട്ടിയിരുന്ന ഡിസ്‌കൗണ്ട് ഗള്‍ഫ് ഇറക്കുമതിക്ക് ലഭിക്കില്ല. അധിക ചെലവ് കുറയ്ക്കാനുള്ള വഴികള്‍ കണ്ടില്ലെങ്കില്‍ കൂടുതല്‍ ബാധ്യത പേറേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനത്തില്‍ എണ്ണ ഇറക്കുമതിയുടെ കാര്യവും ചര്‍ച്ചയായെന്നാണ് വിവരം. 2025 ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി തലവേദന പിടിച്ചതാകുമെന്ന് ഉറപ്പാണ്.

എണ്ണവില ഉയരുന്നു

ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെ എണ്ണവില ചെറിയരീതിയില്‍ ഉയരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറിന് മുകളിലാണ്. വരും ദിവസങ്ങളിലും വര്‍ധന ഉണ്ടായേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT