canva
News & Views

ലിങ്ക്ഡ് ഇന്‍ വേണ്ട, ടിന്‍ഡര്‍ മതി! ഡേറ്റിംഗ് ആപ്പുകളില്‍ 'ജോലി' തിരഞ്ഞ് യുവതലമുറ

യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളില്‍ തുടരുന്നതാണ് ഈ പുതിയ ട്രെന്‍ഡിന് പിന്നില്‍

Dhanam News Desk

പ്രണയവും സൗഹൃദവും തേടി ആളുകള്‍ എത്തുന്ന ഡേറ്റിംഗ് ആപ്പുകള്‍ ഇപ്പോള്‍ 'ജോബ് പോര്‍ട്ടല്‍' ആയി മാറുകയാണ്. ചൈനയില്‍ നിന്നാണ് ഈ കൗതുകകരമായ വാര്‍ത്ത. തൊഴിലില്ലായ്മ രൂക്ഷമായതോടെ, പരമ്പരാഗത ജോലി അന്വേഷണ രീതികള്‍ മടുത്ത് യുവാക്കള്‍ ഡേറ്റിംഗ് ആപ്പുകളെ തൊഴില്‍ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

പ്രണയമല്ല, ലക്ഷ്യം കരിയര്‍!

ചൈനയിലെ 16-24 പ്രായപരിധിയിലുള്ള യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളില്‍ തുടരുന്നതാണ് ഈ പുതിയ ട്രെന്‍ഡിന് പിന്നില്‍. പ്രതിദിനം നൂറുകണക്കിന് അപേക്ഷകള്‍ അയച്ചിട്ടും വളരെ കുറച്ച് മറുപടികള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് ചില ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

ലിങ്ക്ഡ് ഇന്‍ (LinkedIn) പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റ്ഫോമുകളേക്കാള്‍ വേഗത്തില്‍ ഡേറ്റിംഗ് ആപ്പുകളില്‍ മറുപടി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രൊഫൈലുകളില്‍ പ്രണയ താല്‍പ്പര്യങ്ങള്‍ക്ക് പകരം വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവുമാണ് പലരും ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തി തന്റെ സ്വപ്ന കമ്പനിയിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞ യുവതി, പിന്നീട് അയാളുടെ സഹായത്തോടെ അതേ കമ്പനിയില്‍ ജോലി നേടിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളിലെ അവഗണനയേക്കാള്‍ മാന്യമായ പെരുമാറ്റം ഡേറ്റിംഗ് ആപ്പുകളില്‍ ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പക്ഷം.

മാറുന്ന റിക്രൂട്ട്മെന്റ് രീതികള്‍

ഈ പ്രവണത തിരിച്ചറിഞ്ഞ് ചൈനയിലെ പ്രമുഖ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ 'Boss Zhipin', അവരുടെ സേവനങ്ങള്‍ ഡേറ്റിംഗ് ആപ്പുകളുടെ മാതൃകയിലേക്ക് പരിഷ്‌കരിക്കുകയാണ്. ജോലി അന്വേഷിക്കുന്നത് പ്രൊഫൈലുകള്‍ സ്‌ക്രീന്‍ ചെയ്യുന്നത് പോലെ ലളിതമാക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ ഈ രീതിയില്‍ ചില അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. വ്യാജ റിക്രൂട്ടര്‍മാരും ഡാറ്റാ ചോര്‍ച്ചയും ഈ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നു.

തൊഴില്‍ വിപണിയിലെ കടുത്ത മത്സരം യുവാക്കളെ എത്രത്തോളം വ്യത്യസ്തമായ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയിലെ ഈ പുതിയ 'ഡേറ്റിംഗ് - ജോബ്' വിപ്ലവം. ഇന്ത്യയിലും താമസിയാതെ ഈ ട്രെന്‍ഡ് കടന്നു വന്നേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT