www.khukrirum.com
News & Views

നേപ്പാളിന്റെ 'കത്തി' റമ്മിന്റെ കേരള വരവ് വൈകില്ല; പെട്ടിക്കടയില്‍ മുതല്‍ സ്റ്റാര്‍ ഹോട്ടലില്‍ വരെ ഹിറ്റായ കുക്കരി ബ്രാന്‍ഡ്!

750 മില്ലിക്ക് 1,765 രൂപയാണ് മഹാരാഷ്ട്രയിലെ വില. കേരളത്തിലേക്ക് വരുമ്പോള്‍ വില ഇനിയും വര്‍ധിക്കും

Dhanam News Desk

നേപ്പാള്‍ എന്ന രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അവരുടെ തൊപ്പിയും ഒരു കത്തിയുമാണ്. ഗൂര്‍ഖ കത്തിയെന്ന് അറിയപ്പെടുന്ന കുക്കരിയാണ് നേപ്പാളികളുടെ അഭിമാന ചിഹ്നങ്ങളിലൊന്നായ ഈ കത്തി. കുക്കരി (khukri) എന്ന പേരില്‍ കത്തിക്ക് മാത്രമല്ല നേപ്പാളില്‍ പ്രശസ്തിയുള്ളത്.

കുക്കരി എന്ന ബ്രാന്‍ഡില്‍ ഒരു റം കൂടി അവിടെ ലഭിക്കും. നേപ്പാളില്‍ ഏറ്റവും പ്രശസ്തമായ മദ്യമാണിത്. ആ രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ബ്രാന്‍ഡ്. ഇപ്പോഴിതാ കുക്കരി റം ഇന്ത്യയിലേക്കും എത്തുകയാണ്.

ഇന്ത്യയില്‍ മൂന്ന് ബ്രാന്‍ഡുകള്‍

1959ല്‍ മൂന്ന് ബിസിനസുകാര്‍ ചേര്‍ന്ന് ആരംഭിച്ച കുക്കരി അടുത്ത വര്‍ഷത്തോടെ മദ്യം ലഭിക്കുന്ന എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലഭ്യമാക്കാനാണ് പദ്ധതി. തുടക്കത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലാകും കുക്കരി ലഭ്യമാകുക.

അടുത്ത വര്‍ഷം ആദ്യത്തോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഈ ബ്രാന്‍ഡ് ലഭ്യമാക്കും. കമ്പനി ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ തന്നെ നിര്‍മാണശാലയുണ്ട്. സിക്കിമിലാണ് കുക്കരിയുടെ ഡിസ്റ്റിലറിയുള്ളത്. കുക്കരി എക്‌സ് റം, കുക്കരി സ്‌പെഷ്യല്‍ റം, കുക്കരി വൈറ്റ് റം എന്നീ മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകളിലാകും ഇന്ത്യയില്‍ ലഭിക്കുക.

ഗൂര്‍ഖ കത്തിയുടെ രൂപത്തിലുള്ള കുപ്പിയിലും ഈ റം ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. 750 മില്ലിക്ക് 1,765 രൂപയാണ് മഹാരാഷ്ട്രയിലെ വില. കേരളത്തിലേക്ക് വരുമ്പോള്‍ വില ഇനിയും വര്‍ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT