News & Views

നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ പിരിച്ചുവിടലിന് നീക്കം; ജീവനക്കാരില്‍ 5% പേരെ കുറയ്ക്കും, 850 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും

സ്ട്രീമിംഗ് വിപണിയില്‍ മത്സരം ശക്തമാകുന്നതും പ്രേക്ഷകരെ പിടിക്കാനായി യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളുമായുള്ള മത്സരം വര്‍ധിക്കുന്നതും നെറ്റ്ഫ്‌ളിക്‌സിന് വെല്ലുവിളിയാണ്

Dhanam News Desk

ലോകത്തെ പ്രമുഖ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് (Netflix) ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ആഗോള ജീവനക്കാരില്‍ ഏകദേശം അഞ്ച് ശതമാനം പേരെ പിരിച്ചുവിടാനാണ് ആലോചന. ഇത് നടപ്പായാല്‍ ഏകദേശം 800-850 ജീവനക്കാരെ ബാധിച്ചേക്കും.

പുനഃസംഘടനയുടെ ഭാഗമായുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ അടുത്തയാഴ്ച തന്നെ പ്രഖ്യാപിച്ചേക്കാമെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തയോട് നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാല് വര്‍ഷത്തിനിടയിലെ വലിയ പിരിച്ചുവിടല്‍

2022ന് ശേഷമുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറയ്ക്കലായി പുതിയ നടപടി മാറിയേക്കും. 2022ല്‍ വളര്‍ച്ച മന്ദഗതിയിലാവുകയും വരിക്കാരുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തില്‍ കമ്പനി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

2025 അവസാനത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് ഏകദേശം 16,000 മുഴുവന്‍സമയ ജീവനക്കാരുണ്ടായിരുന്നതായി കമ്പനിയുടെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. നിലവിലെ ആഗോള ജീവനക്കാരുടെ എണ്ണം ഏകദേശം 17,000 ആണ്.

2026 മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ ഒക്ടോബര്‍ 20ന് പുറത്തുവിടാനിരിക്കെയാണ് പിരിച്ചുവിടല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വരുന്നത്. സ്ട്രീമിംഗ് വിപണിയില്‍ മത്സരം ശക്തമാകുന്നതും പ്രേക്ഷകരെ പിടിക്കാനായി യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളുമായുള്ള മത്സരം വര്‍ധിക്കുന്നതും നെറ്റ്ഫ്‌ളിക്‌സിന് വെല്ലുവിളിയാണ്.

സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തിന് പുറമേ പരസ്യം, ലൈവ് പ്രോഗ്രാമുകള്‍, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലേക്കും നെറ്റ്ഫ്‌ളിക്‌സ് സമീപകാലത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ ഏതൊക്കെ വിഭാഗങ്ങളെയാണ് പ്രധാനമായും ബാധിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT