ഹോളിവുഡിലെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മൂവി സ്റ്റുഡിയോ, എച്ച്.ബി.ഒ സ്ട്രീമിംഗ് നെറ്റ്‌വര്‍ക്ക് എന്നിവ ഏറ്റെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്. 82.7 ബില്യന്‍ ഡോളര്‍ (ഏകദേശം 6.8 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയാണ് ഏറ്റെടുക്കല്‍. 18 മാസമെടുത്താണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകൂ.
നിലവിലെ വായ്പ ഉള്‍പ്പെടെ 82.7 ബില്യന്‍ ഡോളറാണ് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ വിപണി മൂല്യം. നിലവിലെ ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് 27.75 ഡോളര്‍ വീതം ലഭിക്കും. കരാറിന്റെ ആകെ ഇക്വിറ്റി മൂല്യം 72 ബില്യന്‍ ഡോളറാണ്. കമ്പനിയുടെ ഭാഗമായ സി.എന്‍.എന്‍, ടി.എന്‍.ടി എന്നിവയെ കരാറിന് മുമ്പ് വെവ്വേറെ സ്ഥാപനങ്ങളാക്കും.
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്ഷന്‍ സേവന ദാതാവാണ് നെറ്റ്ഫ്‌ളിക്‌സ്. ഏറ്റെടുക്കലോടെ വിപണിയെ മൊത്തത്തില്‍ വിഴുങ്ങാന്‍ നെറ്റ്ഫ്‌ളിക്‌സിനാകും. ഇതിനോടകം 30 കോടിയിലധികം വരിക്കാര്‍ നെറ്റ്ഫ്‌ളിക്‌സിനുണ്ട്. എച്ച്.ബി.ഒയുടെ 12.8 കോടി വരിക്കാരെ കൂടി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ശ്രമം. ഇതോടെ ചിന്തിക്കാനാവാത്ത ഉയരത്തിലേക്ക് നെറ്റ്ഫ്‌ളിക്‌സ് വളരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, എച്ച്.ബി.ഒ നെറ്റ്‌വര്‍ക്കിലെ സിനിമകളും ഷോകളും കൂടി ചേര്‍ക്കുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം ഒരെണ്ണത്തിന് പണം നല്‍കുന്നത് ഉപയോക്താവിന് ലാഭകരമാണ്.
അതേസമയം, വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ഹോളിവുഡ് സിനിമാ ലോകം രംഗത്തെത്തി. ഏറ്റെടുക്കല്‍ തൊഴില്‍ നഷ്ടത്തിനും വരുമാനം കുറയുന്നതിനും ഉപയോക്താക്കളുടെ ചെലവ് വര്‍ധിക്കുന്നതിനും ഇടയാക്കുമെന്നാണ് എഴുത്തുകാരുടെ കൂട്ടായ്മയുടെ പരാതി. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് കമ്പനി തങ്ങളുടെ ഏറ്റവും വലിയ എതിരാളിയെ വിഴുങ്ങുന്നത് ആന്റിട്രസ്റ്റ് നിയമങ്ങളുടെ ലംഘനമാണെന്നും ഇവര്‍ ആരോപിക്കുന്നു. സംവിധായകരുടെയും നിര്‍മാതാക്കളുടെയും കൂട്ടായ്മകളും നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
1923ല്‍ സ്ഥാപിതമായ വാര്‍ണര്‍ ബ്രദേഴ്‌സ് ഹോളിവുഡ് സിനിമയെ ഉന്നതിയിലേക്ക് കൈപിടിച്ച് കയറ്റിയ കമ്പനികളിലൊന്നാണ്. സ്ട്രീമിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കുന്നതോടെ തിയറ്ററില്‍ സിനിമ കാണുന്ന രീതിക്ക് വലിയ മാറ്റം വരുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പുതിയ സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന രീതി തുടരുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിലപാട്. എന്നാല്‍ അധിക കാലം ഇത് തുടരാന്‍ സാധ്യതയില്ലെന്നും പതിയെ സ്ട്രീമിംഗിലേക്ക് മാത്രം കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നും വിദഗ്ധര്‍ കരുതുന്നു. ടെറ്റാനിക് സിനിമ സംവിധായകന്‍ ജെയിംസ് കാമറോണ്‍ അടക്കമുള്ളവര്‍ ലയന നീക്കം സിനിമാ ലോകത്തിന് ദുരന്തമാകുമെന്നാണ് പ്രതികരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine