നിര്‍ബന്ധിച്ച് തൊഴില്‍ എടുപ്പിക്കുന്നത് വിലക്കുന്നതടക്കമുള്ള പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) യുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതാണ് പുതിയ ഭേദഗതി. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങളില്‍ പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിയമസഹായം അനുവദിക്കുന്നതിനും പുതിയ നിയമം അവസരമൊരുക്കിയിട്ടുണ്ട്. രാജ്യത്ത് സുരക്ഷിതമായ തൊഴില്‍ സാഹചര്യമൊരുക്കുന്നതിനും ഈ മേഖലയില്‍ അന്താരാഷ്ട്ര നിലവാരങ്ങള്‍ പുലര്‍ത്തുന്നതിനും സഹായകമാകുന്നതാണ് നിയമമെന്ന് മനുഷ്യ വിഭവശേഷിയുടെയും സാമൂഹ്യ വികസനത്തിന്റെയും ചുമതല വഹിക്കുന്ന മന്ത്രി അഹമ്മദ് അല്‍റാജി പറഞ്ഞു.
എല്ലാ പൊതുവിഭാഗ പ്രവാസി തൊഴിലാളികളും (കമ്പനികളില്‍,സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍) തൊഴില്‍ നിയമങ്ങളുടെ വ്യവസ്ഥകള്‍ക്ക് കീഴിലാണ്. അതേസമയം , ഗാര്‍ഹിക സേവന തൊഴിലാളികള്‍ (വീട്ടുജോലിക്കാര്‍, തോട്ടം തൊഴിലാളികള്‍), 10 ല്‍ താഴെ ജീവനക്കാരുള്ള കാര്‍ഷിക സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, 500 ടണ്ണില്‍ താഴെ ഭാരം വഹിക്കുന്ന കപ്പലുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, ഹ്രസ്വകാല വിസയിലുള്ള തൊഴിലാളികള്‍ മുതലായവര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇവര്‍ക്ക് കൂടി മാന്യമായി തൊഴില്‍ ചെയ്യുന്നതിനുള്ള സംരക്ഷണമൊരുക്കാന്‍ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. കരാറില്‍ തൊഴിലുടമയുടെയും ജീവനക്കാരന്റെയും പേരുകളും മേല്‍വിലാസവും, ജോലി സ്ഥലം, കരാറിന്റെ കാലാവധി, പ്രൊബേഷന്‍ കാലയളവ്, സമ്മതിച്ച വേതനം, സൗജന്യ ഭക്ഷണമോ ഭക്ഷണ അലവന്‍സോ താമസ സൗകര്യമോ നല്‍കല്‍, ജോലി സമയം, ഓവര്‍ടൈം അലവന്‍സ്, അവധിക്കാലം, എയര്‍ ടിക്കറ്റുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, സേവനാവസാന ആനുകൂല്യങ്ങള്‍, ജീവനക്കാരന്റെ മരണശേഷം മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനോ സംസ്‌കരിക്കുന്നതിനോ ഉള്ള വ്യവസ്ഥ, തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന രീതി മുതലായവ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.
പ്രൊബേഷന്‍ കാലയളവ് സാധാരണയായി 90 ദിവസത്തില്‍ കവിയരുത്. കക്ഷികളുടെ രേഖാമൂലമുള്ള കരാറോടെ ഇത് 180 ദിവസം വരെ നീട്ടാം. ജോലി സമയം ദിവസേന 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ്. റമദാന്‍ മാസത്തില്‍ ദിവസത്തില്‍ 6 മണിക്കൂറായി കുറയും. ഓവര്‍ടൈം നിരക്കുകള്‍ മണിക്കൂര്‍ വേതനത്തിന്റെ 150 ശതമാനമാണ്. തൊഴിലാളിയെ തുടര്‍ച്ചയായി 5 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. തൊഴില്‍ കരാറില്‍ നല്‍കിയിരിക്കുന്നതുപോലെ താമസ സൗകര്യമോ വീട് വാടക അലവന്‍സോ ഭക്ഷണത്തിനുള്ള അലവന്‍സോ നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. റിക്രൂട്ട്‌മെന്റ്, മെഡിക്കല്‍ ടെസ്റ്റുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, റെസിഡന്‍സ് പെര്‍മിറ്റിന്റെ (ഇഖാമ) ഫീസ്, അവയുടെ പുതുക്കല്‍, കാലതാമസം മൂലമുണ്ടാകുന്ന പിഴകള്‍, എക്‌സിറ്റ്, റീഎന്‍ട്രി വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫീസ് തൊഴിലുടമകള്‍ വഹിക്കേണ്ടതാണ്. തൊഴിലാളി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ വര്‍ഷത്തില്‍ 21 ദിവസവും അതേ തൊഴിലുടമയില്‍ 5 വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം 30 ദിവസം വീതവുമാണ് വാര്‍ഷികാവധി. കരാര്‍ പ്രാബല്യത്തിലുള്ള കമ്പനിയില്‍ നിന്ന് തൊഴിലാളിയെ മറ്റൊരു കമ്പനിയിലേക്ക് അയാളുടെ അനുവാദമില്ലാതെ മാറ്റാന്‍ പാടില്ല.
പ്രൊബേഷന്‍ കാലയളവില്‍ കരാര്‍ അവസാനിപ്പിക്കുകയോ, മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെടുകയോ, സ്വന്തം തെറ്റിന് തൊഴില്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ വിമാന ടിക്കറ്റിന്റെ ചെലവ് തൊഴിലാളി വഹിക്കണം. തൊഴില്‍ കരാര്‍ നിശ്ചിത കാലാവധി പൂർത്തിയാകും മുമ്പ് തൊഴിലുടമ പുതുക്കി നല്‍കണം. നിശ്ചിത കാല കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇരു കക്ഷികളും 30 ദിവസം മുമ്പ് പരസ്പരം വിവരം നല്‍കണം. അനിശ്ചിത കാല കരാറുകളില്‍ ഈ കാലാവധി 60 ദിവസമാണ്. പുരുഷന്‍മാര്‍ക്കുള്ള സര്‍വീസ് കാലാവധി 60 വയസും സ്ത്രീകള്‍ക്ക് 55 വയസുമാണ്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമയ്ക്കം തൊഴിലാളിക്കും അവസരമുണ്ട്. തൊഴിലുടമയെ/മാനേജ്‌മെന്റിനെ ആക്രമിക്കല്‍, ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടല്‍, നിയമാനുസൃതമായ ഉത്തരവുകളോ സുരക്ഷാ നിര്‍ദ്ദേശങ്ങളോ പാലിക്കുന്നതില്‍ പരാജയപ്പെടല്‍, തെറ്റായ പെരുമാറ്റം, തൊഴിലുടമക്ക് മനഃപൂര്‍വ്വം സാമ്പത്തിക നഷ്ടം വരുത്തല്‍, ജോലി ലഭിക്കുന്നതിന് വ്യാജരേഖ ചമക്കല്‍, ഒരു വര്‍ഷത്തില്‍ 20 ദിവസത്തില്‍ കൂടുതലോ തുടര്‍ച്ചയായി 10 ദിവസത്തില്‍ കൂടുതലോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, വ്യക്തിപരമായ നേട്ടത്തിനായി നിയമവിരുദ്ധമായി തന്റെ സ്ഥാനം മുതലെടുക്കല്‍, ജോലി സംബന്ധമായ വ്യാവസായിക അല്ലെങ്കില്‍ വാണിജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തല്‍ മുതലായവക്ക് തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചുവിടാം.
തൊഴിലുടമ കരാര്‍ അല്ലെങ്കില്‍ നിയമപരമായ ബാധ്യതകള്‍ നിറവേറ്റാതിരിക്കുക, നോട്ടീസ് നല്‍കാതെ കരാര്‍ അവസാനിപ്പിക്കുക, കരാറില്‍ സമ്മതിച്ച ജോലിക്ക് പകരമോ പുറമെയോ വ്യത്യസ്തമായ ജോലി ഏല്‍പ്പിക്കുക, തൊഴിലാളിക്കോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ എതിരെ ആക്രമണം അല്ലെങ്കില്‍ അധാര്‍മിക പ്രവൃത്തി ചെയ്യുക, മര്‍ദ്ദിക്കുക, തൊഴിലിടങ്ങളില്‍ സുരക്ഷാ സംവിധാനൊരുക്കാതിരിക്കുക എന്നിവയുണ്ടായാല്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലാളിക്കും അവകാശമുണ്ട്. ഇത്തരം തര്‍ക്കങ്ങളില്‍ തൊഴിലാളിക്ക് ആവശ്യമായ നിയമസഹായം സര്‍ക്കാര്‍ നല്‍കും. സാധുവായ കാരണമില്ലാതെ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. കരാര്‍ അവസാനിപ്പിക്കുമ്പോള്‍ തൊഴിലാളിക്ക് ജോലി ചെയ്ത ആദ്യ അഞ്ചു വര്‍ഷത്തില്‍ 15 ദിവസത്തെ വാര്‍ഷിക നിരക്കിലും അഞ്ചു വര്‍ഷത്തിന് ശേഷം ഒരു മാസത്തെ വാര്‍ഷിക നിരക്കിലുമുള്ള വേതനം സേവനാനന്തര ആനുകൂല്യമായി നല്‍കണം.
Read DhanamOnline in English
Subscribe to Dhanam Magazine