News & Views

പ്രവാസി മലയാളികളെയടക്കം വെട്ടിലാക്കി കുവൈറ്റില്‍ പുതിയ നിയമം

ഭേദഗതിചെയ്ത വീസ നിയമം പ്രാബല്യത്തില്‍

Dhanam News Desk

കുവൈറ്റില്‍ പരിഷ്‌കരിച്ച വീസ നീയമം പ്രാബല്യത്തിലായി. ഫാമിലി വീസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും ഇനി രാജ്യത്തേക്ക് കൊണ്ടുപോകാനാകില്ല. ജീവിതപങ്കാളിക്കും 14 വയസിനു താഴെ പ്രായമുള്ള മക്കള്‍ക്കും മാത്രമായി വീസ പരിമിതപ്പെടുത്തിയതായി കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തിലായി ആദ്യ ദിനം തന്നെ 1,165 അപേക്ഷകള്‍ ആണ് തള്ളിപ്പോയത്. ഇതില്‍ കൂടുതലും മാതാപിതാക്കളെ കൊണ്ടുപോകാനുള്ളതായിരുന്നുമൊത്തം 1,800 അപേക്ഷകള്‍ ലഭിച്ചതില്‍ 635 എണ്ണത്തിനാണ് അനുമതി നല്‍കിയത്.

പരിഷ്‌കരിച്ച നിയമപ്രകാരം 800 കുവൈറ്റ് ദിനാര്‍ (ഏകദേശം 2,16,000 രൂപ) ശമ്പളവും ബിരുദവും അതിനനുസരിച്ച ജോലിയുമുള്ള വിദേശികള്‍ക്കാണ് ഫാമിലി വീസയ്ക്ക് അപേക്ഷിക്കാനാകുക. ഭാര്യയെ കൊണ്ടുപോകണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെയാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണം.  അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയില്‍ നിന്നും കുവൈറ്റിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍  സഹിതമാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. 14 തരം ജോലിചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്നാണ് നിര്‍ദേശം.

രണ്ട് വര്‍ഷത്തിനുശേഷമാണ് കുടുംബ വീസ അനുവദിക്കാന്‍ കുവൈറ്റ് ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ കടുത്ത നിബന്ധനകള്‍ കുവൈറ്റിലേക്ക് മാതാപിതാക്കളെ കൊണ്ടുപോകാന്‍ കാത്തിരുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഉയര്‍ന്ന ശമ്പള പരിധിയും സാധാരണ പ്രവാസികള്‍ക്ക് പ്രതിസന്ധിയാകും. വരും ദിവസങ്ങളിലും കൂടുതല്‍ അപേക്ഷകള്‍ ഇത്തരത്തില്‍ തള്ളാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT