Image/Canva 
News & Views

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത; ദുബൈ-അബുദബി ഹൈസ്പീഡ് ട്രെയിന്‍ ട്രാക്കിലേക്ക്; 30 മിനുട്ട് കൊണ്ട് എത്താം

4 എമിറേറ്റുകളിലൂടെ കടന്നു പോകും; സ്‌റ്റേഷനുകളില്‍ ബിസിനസ് ക്ലാസ് ലോഞ്ച്

Dhanam News Desk

140 കിലോമീറ്റര്‍ ദൂരം അര മണിക്കൂറില്‍ ഓടിയെത്തും. ദുബൈയില്‍ നിന്ന് അബുദബിയിലേക്കുള്ള പുതിയ ഹൈസ്പീഡ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍. വന്ദേഭാരത് എക്‌സ്പ്രസിനേക്കാള്‍ നാലിരട്ടി. യുഎഇയുടെ എത്തിഹാദ് റെയില്‍ പ്രോജക്ടിന്റെ ഭാഗമായ പുതിയ ഹൈസ്പീഡ് ട്രെയിനുകള്‍ 4 എമിറേറ്റുകളിലൂടെ കടന്നു പോകും. അബുദബിയിലെ അല്‍ഫയ ഡിപ്പോയില്‍ നിന്ന് ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടന്നു. യുഎഇയിലെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്രാസമയം ഗണ്യമായി കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷിത വാര്‍ഷിക വരുമാനം 300 കോടി രൂപ

പുതിയ റെയില്‍ പദ്ധതിയില്‍ നിന്ന് 300 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുബൈ, ഷാര്‍ജ, ഫുജൈറ, അബുദബി എന്നിവിടങ്ങളിലെ റെയില്‍ സ്റ്റേഷനുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മെട്രോ, ബസ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചുള്ളതാണ് ഹൈസ്പീഡ് ട്രെയിന്‍ സ്റ്റേഷനുകള്‍. ആദ്യ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് എത്തിഹാദ് റെയില്‍ പ്രൊജക്ട് അധികൃതര്‍ വ്യക്തമാക്കി. അടുത്ത ഘട്ടത്തിന്റെ നിര്‍മാണവും ഉടനെ ആരംഭിക്കും.

ബിസിനസ് ക്ലാസ് ലോഞ്ചുകള്‍

യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ട്രെയിനിലും സ്‌റ്റേഷനുകളിലും ഉള്ളത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിക്കുന്ന രൂപകല്‍പ്പനയാണ് സ്റ്റേഷനുകളുടേത്. ബിസിനസ് ക്ലാസ് പാസഞ്ചര്‍ ലോഞ്ചുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങി യാത്രക്കാര്‍ക്ക് ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ട്രെയിന്‍ യാത്രാ നിരക്കുകള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT